കണ്ണൂർ: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് പത്മരാജന് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിയെ ന്യായീകരിച്ചുക്കൊണ്ടുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി ശ്രീജിത്തിന്‍റെ ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മജിസ്ടേറ്റിന് 164-ാം വകുപ്പ് പ്രകാരം രഹസ്യമായി നല്‍കിയ മൊഴി മറ്റൊരാളോട് വെളിപ്പെടുത്തിയതിലൂടെ ഗുരുതര കൃത്യവിലോപമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഐ.ജി ശ്രീജിത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. പ്രതിഭാഗത്തെ സഹായിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ശ്രീജിത്തിനെ അന്വേഷണത്തില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഹരീഷ് വാസുദേവന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഒരു സുഹൃത്തിനോട് ഐ.ജി ശ്രീജിത്ത് സംസാരിക്കുന്ന രൂപത്തില്‍ 17 മിനിട്ടുള്ള സന്ദേശം വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. പോക്സോ ഒഴിവാക്കിയതിനെ ന്യായീകരിക്കുക മാത്രമല്ല, പെണ്‍കുട്ടിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടുണ്ടെന്നും ശ്രീജിത്ത് സുഹൃത്തിനോട് സംസാരിക്കുന്നു. പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിന് പിന്നിലെ കാരണം തേടിയ വ്യക്തിയോടാണ് ഉദ്യോഗസ്ഥന്‍റെ വിശദീകരണം.
കേസിലെ വാദിഭാഗത്തിലെ പൊരുത്തക്കേടുകൾ അക്കമിട്ടു നിരത്തുന്നുണ്ട്. പ്രതിക്കെതിരെ പോക്സോ ചുമത്താൻ തെളിവുകൾ കണ്ടെത്താനായില്ല. കൃത്യം നടന്നെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി മജിസ്‌ട്രേറ്റിനു നൽകിയ രഹസ്യ മൊഴിയില്‍ പറഞ്ഞ ദിവസങ്ങളിൽ ഒന്നാം പ്രതിയായ പത്മരാജൻ സ്ഥലത്തുണ്ടായിരുന്നില്ല. മൊബൈൽ ടവർ ലോക്കേഷൻ, സിസി ടിവി എല്ലാം പരിശോധിച്ച ശേഷമാണ് കുട്ടിയുടെ മൊഴിയിലെ അപാകത മനസിലാക്കിയത്. സാക്ഷി മൊഴികളെല്ലാം അധ്യാപകന് അനുകൂലമാണ്. വിദ്യാർഥികളെ പത്മരാജൻ മർദിക്കാറുണ്ടെന്നും മതപരമായ വിവേചനത്തോടെ പെരുമാറാറുണ്ടെന്നും ശബ്‌ദ സന്ദേശത്തിലുണ്ട്. പരാതി നൽകിയ പെൺകുട്ടി കൗൺസിലിങിന് വിധേയമായി കൊണ്ടിരിക്കുകയാണ്. പത്മരാജനെതിരെ എന്തെങ്കിലും തരത്തിലുള്ള തെളിവ് ലഭിച്ചാൽ പോക്സോ ചുമത്തുമെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
പാലത്തായി കേസില്‍ ഐജി എസ് ശ്രീജിത്തന് എതിരായ ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം
പാലത്തായി കേസിലെ സത്യം അന്വേഷിക്കാൻ ഇനിയും വസ്‌തുതകൾ ലഭിക്കേണ്ടതുണ്ട്. പ്രാഥമികമായി നോക്കുമ്പോൾ, പൊലീസ് തന്നെ രണ്ടാമത് ഇരയുടെ മൊഴിയെടുത്തത് അടക്കം പ്രതിക്ക് സഹായകമായി വന്നു എന്നാണ്. അതിലേക്ക് പിന്നീട് വരാം, തെളിവുകളുമായി. എന്നാൽ, അന്വേഷണം പൂർത്തിയാകാത്ത ഒരു കേസിലെ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങൾ കോർത്ത് ഇണക്കി, കേസ് അട്ടിമറിക്കാൻ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയൻസും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണിൽ വിശദീകരിച്ചു നൽകിയത്, കേസിനു മേൽനോട്ടം നടത്തിയ ഐജി ശ്രീജിത്ത് ആണ്. അന്വേഷണ ഡയറിയിൽ പ്രതിഭാഗത്തിന് ഒരുകാലത്തും ആക്സസ് ഇല്ലാത്ത വിവരങ്ങളാണ് പൊലീസ് തന്നെ ഫോണിൽ പറഞ്ഞു കൊടുക്കുന്നത് !!
ഐജി ശ്രീജിത്ത് നടത്തിയത് നഗ്നമായ നിയമലംഘനമാണ്. അയാളാണോ ഈ കേസ് തുടർന്നു മേൽനോട്ടം വഹിക്കുക? എങ്കിൽ പിന്നെന്തിനാണ് തുടരന്വേഷണം? പ്രതിയെ വെറുതേ വിട്ടാൽ പോരെ?? ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അറിഞ്ഞു കൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയത്??
ഈ കേസ് അട്ടിമറിക്കാൻ ഇപ്പോൾ ഇടപെട്ടത് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് ആണ്. ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് അടിയന്തരമായി നീക്കണം. ശ്രീജിത്തിന്‍റെ നടപടിയെപ്പറ്റി അന്വേഷണം വേണം. കേസിന്‍റെ ചുമതല മറ്റൊരാളെ ഏൽപ്പിക്കണം. പ്രതിപക്ഷവും ഭരണകക്ഷിയും ആരായാലും ഈ ആവശ്യം ഉന്നയിക്കാൻ വൈകുന്നത് എന്തെന്ന് എനിക്ക് മനസിലാകുന്നില്ല. പിണറായി വിജയാ, അവനവന് വേണ്ടപ്പെട്ട ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ കേസ് നടക്കുന്ന സമയത്ത് ഇമ്മാതിരി തോന്ന്യവാസം കാണിച്ചാൽ നിങ്ങൾ നോക്കി നിൽക്കുമോ? ഇല്ലെങ്കിൽ പിന്നെ ഇതിലെന്താണ് അമാന്തം? ഇത് ആ കേസിന്റെ മാത്രം പ്രശ്നമല്ല, ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്നമാണ്. അവനവന് നേരെ അനീതി വരുമ്പോഴേ മനസ്സിലാവൂ എന്നാണോ?? ഈ കേസിൽ ഇനി സത്യസന്ധമായ അന്വേഷണം നടക്കണമെങ്കിൽ ഐജി ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് ഇന്നുതന്നെ മാറ്റണം.
അല്ലാതെയുള്ള തുടർ അന്വേഷണം പ്രഹസനമാകും. ഈ ആവശ്യം ഞാൻ മുഖ്യമന്ത്രിക്ക് പരാതി ആയി അയക്കുന്നു. എന്നോട് യോജിക്കുന്നവർ മുഖ്യമന്ത്രിക്ക് ഇ മെയില്‍ ആയി പരാതി അയക്കണം. നടപടി ഇല്ലെങ്കിൽ ബാക്കി കോടതിയിൽ കാണാം. പോസ്റ്റിനു കീഴിൽ പിന്തുണ പ്രഖ്യാപിക്കുന്നവർ ഒരു വരി ആവശ്യമെങ്കിലും പരാതി കൊടുക്കാതെ അതിൽ ആത്മാർത്ഥത ഉണ്ടെന്നു ഞാൻ കരുതില്ല.