കണ്ണൂർ: പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗികളെ നിരീക്ഷിക്കാൻ അത്യാധുനിക റോബോട്ട് എത്തുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. 'ടോമോഡാച്ചി' എന്ന് പേരിട്ട റോബോട്ടിനെ വീഡിയോ കോൺഫറൻസ് വഴി മന്ത്രി കെ.കെ ശൈലജ നാടിന് സമർപ്പിച്ചു.
ജാപ്പനീസ് പദമായ ടോമോഡാച്ചി എന്ന വാക്കിനർഥം 'സുഹൃത്ത്' എന്നാണ്. ആൻഡ്രോയിഡ് വേർഷനിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഉയർന്ന റെസലൂഷനുള്ള ക്യാമറ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളോടെയാണ് റോബോട്ടിന്‍റെ പ്രവർത്തനം. രോഗിയുടെ വിവരങ്ങൾ യഥാസമയം ഡോക്‌ടർക്കും നഴ്‌സിനും കൈമാറും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ റോബോട്ട് സംവിധാനമാണ് പരിയാരം ആരംഭിക്കുന്നത്.
കൊവിഡ് രോഗികളുടെ ബെഡ് നമ്പർ മനസിലാക്കി അവരുടെ അടുത്തേക്ക് ഓട്ടോമാറ്റിക് ആയി ചലിക്കുന്ന വിധമാണ് റോബോട്ടിനെ ക്രമീകരിച്ചിരിക്കുന്നത്. ഹൈ-റെസലൂഷൻ ക്യാമറ വഴി മോണിറ്ററിൽ തെളിയുന്ന വെന്‍റിലേറ്റർ ഗ്രാഫ്, ഇസിജി ഗ്രാഫ്, ബിപി, ഓക്‌സിജൻ സാച്ചുറേഷൻ, ഹാർട്ട് റേറ്റ് ഉൾപ്പടെയുള്ള രോഗിയുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് പുറത്തുനിന്ന് നിരീക്ഷിക്കാനാകും. രോഗിയുടെ അടുത്ത് റോബോട്ട് എത്തുന്ന വേളയിൽ തന്നെ ഡോക്‌ടർക്ക് രോഗിയുമായി ആശയവിനിമയം നടത്താനുള്ള സംവിധാനവും ടോമോഡാച്ചിയിലുണ്ട്. രോഗികളുടെ ചികിത്സ സംബന്ധിച്ച വിശദാംശങ്ങൾ ബെഡ് നമ്പർ അമർത്തിയാൽ ടോമോഡാച്ചി വഴി ലഭ്യമാവുകയും ചെയ്യും. കൊവിഡ് ബാധിതർ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ മുഴുവൻ സമയവും ഐസിയു രോഗികളെ നിരീക്ഷിക്കുന്നതിന് മുൻകരുതൽ കൂടിയാണ് ടോമോഡാച്ചി.
ആശുപത്രിയുടെ നിർദേശ പ്രകാരം അഞ്ചരക്കണ്ടിയിലെ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രിൻസിപ്പാൾ ഡോ. എ. ബെൻഹാം, സിവിൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ എ.എൻ അഭിജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ തിങ്ക് ഫോ-ടെക്കുമായി ചേർന്നാണ് റോബോർട്ട് തയ്യാറാക്കിയത്. ഇക്കോ ഗ്രീൻ കമ്പനി സ്‌പോൺസർ ചെയ്‌ത റോബോട്ടിന് രണ്ട് ലക്ഷത്തോളം രൂപയാണ് നിർമാണ ചെലവ്.