കണ്ണൂർ: ഇരിട്ടി മുണ്ടയം പറമ്പിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ആറളം ഫാമിൽ. ചെത്തുതൊഴിലാളി അനൂപാണ് കടുവയെ ആറളം ഫാമിന് സമീപം കണ്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഒന്നാം ബ്ലോക്കിൽ തെങ്ങ് കയറുന്നതിനിടെ അനൂപിന്റെ ശ്രദ്ധയിൽ കടുവ പതിഞ്ഞത്. ഇതെത്തുടര്‍ന്ന് തെങ്ങിന് മുകളിൽ നിന്ന് അനൂപ് പകർത്തിയ വീഡിയോയും പുറത്ത് വന്നു.
അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലയിലെ ഒരു കുന്നിന്‍റെ മുകളിലാണ് കടുവയുളളത് എന്നായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ കടുവയെ പിടികൂടാതെ കാട്ടിലേക്ക് തുരത്താനായിരുന്നു വനം വകുപ്പിന്‍റെ ശ്രമം. കടുവയെ ആദ്യം കണ്ട അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്‌കൂളുകള്‍ക്ക് അവധി നൽകുകയും കടുവയെ കണ്ട സ്ഥലങ്ങളിൽ നാല് മണിക്ക് ശേഷം റോഡ് അടക്കുകയും ചെയ്‌തിരുന്നു. അതിനിടെയാണ് കടുവയെ ആറളം ഫാമില്‍ കണ്ടെന്ന വാര്‍ത്ത എത്തുന്നത്.