കണ്ണൂര്‍: പാലത്തും കടവിൽ കടുവയുടെ സാന്നിധ്യം (Tiger found in Palathumkadavu). ഇന്നലെ രണ്ട് തവണ പ്രദേശത്ത് കടുവയെ കണ്ടെത്തിയതായാണ് നാട്ടുകാർ പറയുന്നത്. പാലത്തുംകടവ് പള്ളി-കരിറോഡിലും, ജോജോക്കടയ്ക്ക് സമീപവും മണിക്കൂറുകള്‍ വ്യത്യാസത്തിലാണ് കടുവയെ കണ്ടതെന്നാണ് വിവരം.
കണ്ണൂരും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് പാലത്തുംകടവ്. കടുവ തന്നെയാണെന്ന നിഗമനത്തിലെത്തിയ വനം വകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കി. പ്രദേശത്ത് വനം വകുപ്പ് ഉദ്യാഗസ്ഥര്‍ നിരീക്ഷണം നടത്തി വരികയാണ് (Forest Department intensified search for tiger). ഇനിയും കടുവയെ കണ്ടാല്‍ ക്യാമറ സ്ഥാപിക്കാനും കൂടുവയ്ക്കാനുമുളള നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നല്‍കി.
കഴിഞ്ഞ ദിവസം രാത്രി പാലത്തും കടവ് ടൗണില്‍ നിന്ന് പള്ളി-കരിറോഡിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് പ്രദേശവാസി കടുവയെ കണ്ടത്. പുലര്‍ച്ചെ തന്നെ മറ്റൊരിടത്ത് ഒരു ടാപ്പിങ് തൊഴിലാളിയും കടുവയെ കണ്ടതോടെയാണ് പ്രദേശവാസികള്‍ ഭീതിയിലായത്. കര്‍ണാടകയിലെ മാക്കൂട്ടം, ബ്രഹ്മഗിരി വന്യ സങ്കേതവും കണ്ണൂര്‍ വനം ഡിവിഷനില്‍ ഉള്‍പ്പെട്ട ഇരിട്ടി പ്രദേശങ്ങളും ഇവിടെയാണ് അതിരിടുന്നത് (Tiger found in Kannur Karnataka border).
ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ നിന്നാണ് കടുവ എത്തിയതെന്നാണ് നാട്ടുകാര്‍ കരുതുന്നത്. ഈ മേഖലയിലൂടെ രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്ന് പ്രദേശവാസികളുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്. വനം അതിര്‍ത്തിയില്‍ സോളാര്‍ തൂക്കുവേലിയും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ സോളാര്‍ ലൈറ്റുകളും സ്ഥാപിക്കുമെന്ന് വനം വകുപ്പ് (Forest Department) നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
വനാതിര്‍ത്തിയില്‍ 28 കിലോ മീറ്റര്‍ ദൂരത്തില്‍ വന്യമൃഗ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ഡി എഫ് ഒ പി കാര്‍ത്തിക് മറുപടി നല്‍കിയിരുന്നു. ഇതോടെ പാലത്തും കടവ് ഉള്‍പ്പടെ അയ്യംകുന്നിനെ പൂര്‍ണമായും വന്യമൃഗ ഭീതിയില്‍ നിന്നും സംരക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വന്യജീവി ആക്രമണത്തിൽ നിന്നും മുക്തമാകാതെ ഇടുക്കി : ഇന്നലെ ഇടുക്കി തോട്ടം മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു. ഇടുക്കി ലോവർ ഡിവിഷൻ എസ്റ്റേറ്റിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പെരിയവര സ്വദേശിയായ സെൽവരാജ് - വളർമതി ദമ്പതികളുടെ മൂന്നുവയസ് പ്രായമുള്ള പശുവാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.
മേയാൻ വിട്ട പശു മടങ്ങി വരാത്തതിനെ തുടർന്ന് ഉടമയായ സെൽവരാജ് തെരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്‌ച രാവിലെയാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. പുതുക്കാട് ഡിവിഷനിലെ ഏഴാം നമ്പർ ഫീൽഡ് തേയിലക്കാട്ടിൽ നിന്നാണ് പശുവിനെ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ ഇരുനൂറിലധികം കന്നുകാലികൾ പ്രദേശത്ത് പുലിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പ്രശ്‌നത്തിൽ സർക്കാർ ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Also read: ദേവികുളം താലൂക്കിലെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തി വന്യജീവി ശല്യം
മൂന്നാറിലെ ജനവാസ മേഖലകളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വന്യജീവി ശല്യം രൂക്ഷമാണ്. പടയപ്പയ്‌ക്കുപുറമെ കാട്ടുപോത്തിന്‍റെ സാന്നിധ്യവും മൂന്നാറിലെ ജനങ്ങളില്‍ ആശങ്ക സൃഷ്‌ടിച്ചിരിയ്‌ക്കുകയാണ്.
Also read: വയനാട് വാകേരി സിസിയില്‍ വീണ്ടും കടുവ ; പശുക്കിടാവിനെ ഭക്ഷിച്ചു