കണ്ണൂര്‍ : ഇന്ന് തുലാപ്പത്ത്. വടക്കേമലബാറിന് ഇനി മുതൽ കളിയാട്ടക്കാലമാണ്. പെയ്തൊഴിഞ്ഞ മഴ കാറിനുള്ളിൽ നിന്ന് സൂര്യ കിരണങ്ങൾ പത്താമുദയത്തിന് ഭൂമിയെ സ്‌പർശിച്ചപ്പോൾ ഇനിയങ്ങോട്ട് വടക്കന്‍റെ മണ്ണിൽ ചിലമ്പൊലികളുടെയും ചെണ്ടകളുടെയും താളവും മഞ്ഞക്കുറികളുടെ ഗന്ധവും ആയിരിക്കും.
ഇടവപ്പാതിക്ക് മണ്ണിൽ നിന്നും വിണ്ണിലേക്ക് മടങ്ങിയ ദേവ കോലങ്ങൾ ഇനിയുള്ള നാളുകളിൽ രാവും പകലും ഉറഞ്ഞാടും. രാത്രിയുടെ അന്ധകാരത്തെ ഓലച്ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചം കീറിമുറിക്കും. കോവിഡ് ഇല്ലാതാക്കിയ രണ്ട് തെയ്യാട്ടകാലങ്ങൾ വിശ്വാസികളുടെയും തെയ്യ പ്രേമികളുടെ മനസ്സിൽ എന്നും നൊമ്പരമാണ്.
കോവിഡിൽ ജീവിതം വഴിമുട്ടിയ തെയ്യം കലാകാരന്മാർ ഉപജീവനത്തിനായി മറ്റു പല ജോലികളിലേക്ക് തിരിയേണ്ടിവന്നു. കാവുകളിൽ ചിലമ്പൊച്ച നിലച്ചുപോയ രണ്ടു വർഷങ്ങൾ. പ്രകൃതിയോടിണങ്ങിയ ആചാര അനുഷ്‌ടാന കലാരൂപമാണ് തെയ്യങ്ങൾ.
ALSO READ : വെള്ളപ്പൊക്ക സാധ്യത പരിഗണിയ്ക്കാതെ നെടുങ്കണ്ടത്ത് കെഎസ്ഇബിയുടെ നിര്‍മ്മാണം
മുഖത്തെഴുത്ത് മുതൽ അണിയലം വരെ
മുഖത്തെഴുത്ത് മുതൽ അണിയലം വരെ എല്ലാം പ്രകൃതിദത്തം. ഭക്തരുടെ കണ്ണീരൊപ്പുന്ന അമ്മ ദേവതകളായും,വീര പുരുഷന്മാരായും അവർ കാവുകളിലും കോട്ടങ്ങളിലും കഴകങ്ങളിലും ഉറഞ്ഞാടും. ഉത്തരമലബാറിലെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവാണ് കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്‌ഠൻ ക്ഷേത്രം.
പുത്തരി അടിയന്തരം കോവിഡ് പ്രോട്ടോകോൾ പ്രകാരം ചടങ്ങുകൾ മാത്രമായാണ് നടന്നത്. വിവിധ മുച്ചിലോട്ട് കാവുകളിലും ഇത്തവണ ചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടാകുക. എന്നാൽ ചില ക്ഷേത്രങ്ങളിൽ തെയ്യങ്ങൾ കെട്ടിയാടും.
പ്രതീക്ഷയാണ് ഓരോ തെയ്യാട്ട കാലവും. മാരി മാറി മാലോകർ ഒത്തു ചേരുന്ന നാളിനായി നാടും നഗരവും പ്രതീക്ഷയോടെ കാതോർക്കുകയാണ്.