കണ്ണൂർ: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കൽ കോളജ് ജീവനക്കാരുടെ വിരമിക്കല്‍ പ്രായം താല്‍കാലികമായി 60 വയസുവരെ തുടരാന്‍ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ആക്ടിങ് ചെയര്‍മാന്‍ ബെന്നി ഗെര്‍വാസിസാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡി.കോളജിൽ നിന്നും മെയ് 31 ന് വിരമിക്കേണ്ടിയിരുന്ന മ്യൂസിയം കം-ഫോട്ടോഗ്രാഫിക് അസിസ്റ്റന്‍റ് തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ എം.വി.രവീന്ദ്രന്‍, തൃശൂര്‍ മാള സ്വദേശിയും സൂപ്രവൈസറി നഴ്‌സുമായ പി.കെ.റസിയ എന്നിവരുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ALSO READ:കൂടുതല്‍ വാക്‌സിന്‍ ജൂണ്‍ ആദ്യവാരം ലഭിക്കുമെന്ന് മുഖ്യമന്ത്രി
ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി. 2019 ലെ പരിയാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഏറ്റെടുക്കലും ഭരണനിര്‍വ്വഹണവും സംബന്ധിച്ച ഉത്തരവ് പ്രകാരം അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജീവനക്കാരുടെ സര്‍ക്കാര്‍ ജീവനക്കാരായുള്ള അംഗീകരിക്കലും സേവന-വേതന വ്യവസ്ഥകളും സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഇതേവരെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ട്രിബ്യൂണല്‍ വിലയിരുത്തി.
നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചിയിലെ പഴയ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജിലെ ജീവനക്കാരെ 60 വയസുവരെ സര്‍വീസില്‍ തുടരാന്‍ അനുവദിച്ചിട്ടുമുണ്ട്. ഇക്കാരണത്താലാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാക്കിയത്. അത് കൂടാതെ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇവരുടെ സേവനം ഈ തസ്തികകളിലേക്ക് ഉപയോഗപ്പെടുത്തണമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഈ ജീവനക്കാർ തുടരുന്ന കാലഘട്ടത്തിലേക്ക് ശമ്പളമല്ലാതെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഹർജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ എം.ശശീന്ദ്രന്‍, വി.വേണുഗോപാല്‍ എന്നിവര്‍ ഹാജരായി.