കണ്ണൂർ: ആറളം ഫാമിൽ തമ്പടിച്ചിരുന്ന ആനകളെ കാട്ടിലേക്ക് തിരിച്ചയച്ച് തുടങ്ങി. 14 എണ്ണത്തെ ആറളം വന്യജീവി സങ്കേതത്തിലേക്ക് കയറ്റി. അവശേഷിച്ച ഏഴ് ആനകളെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമം നാളെയും തുടരും. ആറളം വന്യജീവി സങ്കേതത്തിലെയും കൊട്ടിയൂർ റേഞ്ചിലെയും ആർആർടിയിലെയും 60 അംഗ വനപാലക സംഘം മൂന്ന് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് 14 എണ്ണത്തെ കാട്ടിലേക്ക് തിരിച്ചയച്ചത്. പാലപ്പുഴയിൽ നിന്ന് കണ്ടെത്തിയ ഏഴ് ആനകളെ ആദ്യം കാട്ടിലേക്ക് അയച്ചിരുന്നു. ലോഞ്ചർ ഉപയോഗിച്ച് വലിയ ശബ്ദത്തോടെയുള്ള പടക്കം പൊട്ടിച്ചും ബഹളം വച്ചുമായിരുന്നു ആനകളെ ഓടിച്ചത്.
കാട്ടിലേക്ക് കയറ്റി വിട്ടവ വീണ്ടും തിരിച്ചെത്താതിരിക്കാനായി കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മതിലും ട്രഞ്ചും തകർന്ന മേഖലകള്‍ പുനർനിർമിച്ചിട്ടുണ്ട്. ആനകളെ കയറ്റിവിടാനുള്ള ഭാഗം മാത്രമാണ് തുറന്നുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മഠപ്പുരച്ചാലിൽ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ ആനകളെ ഉടൻ കാട്ടിലേക്ക് തുരത്തുമെന്ന് വനം വകുപ്പ് മേധാവികൾ വാഗ്‌ദാനം ചെയ്തിരുന്നു. ഇനിയും ഫാമിൽ അവശേഷിച്ചിട്ടുള്ളതായി കണ്ടെത്തിയത് ഏഴ് ആനകളെയാണെങ്കിലും ഇതിലും കൂടുതൽ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. 25 ആനകളെ വരെ ഫാമിൽ നേരത്തെ കണ്ടിരുന്നു. പുനരധിവാസ മേഖലയിൽ കാടുമൂടിക്കിടക്കുന്ന പ്രദേശത്താണ് ആനകൾ തമ്പടിക്കുന്നത്.