കണ്ണൂർ: എഴുപത് വർഷത്തിലേറെ പാരമ്പര്യമുള്ള ബാർബർഷോപ്പ് അടച്ച് പൂട്ടിയത് ഉൾക്കൊള്ളാനാവാതെ വേണു കാപ്പിറ്റോൾ. തളിപ്പറമ്പ് നഗരമധ്യത്തിൽ പ്രവർത്തിച്ചിരുന്ന കാപ്പിറ്റോൾ ബാർബർ ഷോപ്പാണ് കോടതി ഉത്തരവിലൂടെ കെട്ടിടയുടമ ഒഴിപ്പിച്ചത്.
കഥ പറയുമ്പോൾ എന്ന സിനിമയിലെ വ്യത്യസ്തനായ ബാർബർ ബാലൻ ഒരു കഥാപാത്രമാണെങ്കിൽ, തളിപ്പറമ്പിലെ കാപ്പിറ്റോൾ ബാർബർ ഷോപ്പിലെ വേണു കൃഷ്ണൻ യഥാർത്ഥ താരമാണ്. എഴുപത്തിരണ്ട് വർഷം മുമ്പാണ് വേണുവിന്റെ പിതാവ് പാലക്കാട് നിന്നെത്തി തളിപ്പറമ്പിൽ ബാർബർ ഷോപ്പ് ആരംഭിച്ചത്. അച്ഛന് പ്രായമായതോടെ സ്ഥാപനം ഏറ്റെടുത്ത വേണു കാപ്പിറ്റോൾ എന്ന് പേരും നൽകി. മുടിമുറിക്കാൻ അന്ന് എല്ലാ ബാർബർമാരും അഞ്ചുരൂപ വാങ്ങിയപ്പോൾ വേണു മൂന്ന് രൂപക്ക് തലമുടി വെടിക്കൊടുത്തു. കൂലിക്കുറവിനൊപ്പം ഫാഷൻ കട്ടിംഗും കൂടി ആയതോടെ കാപ്പിറ്റോളിൽ തിരക്കൊഴിഞ്ഞ സമയമുണ്ടായിരുന്നില്ല. എന്നാൽ കെട്ടിട ഉടമയുമായുള്ള വർഷങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിൽ വേണുവിന്റെ കാപ്പിറ്റോളിന് പൂട്ട് വീണു.
സ്വന്തമായി തുണിക്കച്ചവടം തുടങ്ങാനാണെന്ന് കാണിച്ചാണ് കടയുടമ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. എന്നാൽ കട മറ്റാർക്കെങ്കിലും വാടകക്ക് കൊടുത്താൽ വീണ്ടും കോടതിയെ സമീപിക്കാനാണ് വേണുവിന്റെ തീരുമാനം. അങ്ങിനെയെങ്കിലും കാപ്പിറ്റോൾ തിരിച്ച് കിട്ടും എന്ന പ്രതീക്ഷയിൽ എന്നും ഷോപ്പിന് മുന്നിലെ നടപ്പാതയിൽ വേണു കാത്ത് നിൽപ്പുണ്ട്. ഒന്നും ഉൾക്കൊള്ളാനാവാതെ.