കണ്ണൂർ: സ്വന്തം നാട് തെങ്കാശി, പക്ഷേ രാമൻ, കണ്ണൂരിലെത്തിയിട്ട് നാലു പതിറ്റാണ്ടായി. കണ്ണൂരിന്‍റെ നഗരവീഥികളിൽ സിനിമയുടെയും സിനിമടാക്കീസുകളുടെയും സ്‌പന്ദനമാണ് രാമൻ. അതിനു പിന്നിലൊരു കഥയുണ്ട്. പത്തനംതിട്ടയിൽ സോഡ നിർമാണത്തിനായി എത്തിയ രാമനെ സിനിമയിലേയ്‌ക്ക് വഴിതിരിച്ച് വിട്ടത് ജയന്‍റെ കോളിളക്കം എന്ന സിനിമയാണ്. അവിടെ നിന്ന് കണ്ണൂരിലേയ്‌ക്ക് വണ്ടികയറിയ രാമൻ വിവിധ ടാക്കീസുകളുടെ സിനിമ പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളിയായി.
തിയേറ്റർ വളപ്പിലെ മൂലയിൽ മൈദ തിളപ്പിച്ച് കുറുക്കി ഉണ്ടാക്കിയ പശ ബക്കറ്റിൽ നിറച്ച് പോസ്റ്ററുമായി സൈക്കിളിൽ നഗരത്തിൽ എത്തുന്നതോടെ പണി തുടങ്ങുകയായി. ഒരു കാലത്ത് 24ല്‍ അധികം തിയേറ്ററുകൾക്ക് വേണ്ടി പോസ്റ്റർ പതിച്ചിട്ടുണ്ടെങ്കിലും ഇന്ന് രാമനടക്കം രണ്ട് പേർ മാത്രമാണ് നഗരത്തിൽ ഈ ജോലിയിലുള്ളത്.
സിനിമ തിയേറ്ററിൽ നിന്ന് പിൻവലിക്കും വരെയാണ് ഈ പരസ്യ തുക. ഒരു ജോലി എന്നതിലുപരി ആറ് ഭാഗങ്ങളായി അച്ചടിച്ച് വരുന്ന വലിയ പോസ്‌റ്ററുകൾ ഒട്ടിക്കുന്നത് ഒരു കല തന്നെയാണ്. രാമന്‍റെ താമസം കണ്ണൂരിലെ പാറക്കണ്ടിയിലാണെങ്കിലും കുടുംബം തെങ്കാശിയിൽ തന്നെയാണ്. അവധിക്ക് നാട്ടിൽ പോകുന്നതിനപ്പുറം കണ്ണൂരിനോടാണ് രാമന് ഇന്നും പ്രിയം.