കണ്ണൂർ: തളിപ്പറമ്പ് ചെപ്പനൂലിലെ കർഷകർക്ക് താൽക്കാലികാശ്വാസമായി വർഷങ്ങൾക്ക് ശേഷം ഒരു പമ്പ്‌സെറ്റ് പ്രവർത്തനക്ഷമമായി. കൂടുതൽ കൃഷി സ്ഥലത്തേക്ക് വെള്ളം എത്തിക്കണമെങ്കിൽ രണ്ടാമത്തെ പമ്പ്‌സെറ്റ് കൂടി പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 2018-ലെ വരള്‍ച്ചയില്‍ പുഞ്ചകൃഷി ഉള്‍പ്പെടെ നശിക്കാനിടയായിരുന്നു. തുടർന്ന് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നൽകിയ ശേഷമാണു ഒരു മോട്ടോർ പ്രവർത്തനക്ഷമമാക്കിയത്.
മുയ്യം, ചെപ്പനൂൽ, വടക്കാഞ്ചേരി വയലുകളിലേക്ക് വെള്ളമെത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു 1967ൽ മുയ്യം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി തുടങ്ങിയത്. നടപ്പാക്കിയതിലെ അപാകത കാരണം പദ്ധതി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാകാതെ പോകുകയായിരുന്നു. വെള്ളം എവിടെയും എത്തിക്കാന്‍ സാധിക്കാതെ വന്നതോടെ 2000-ല്‍ ചെപ്പനൂല്‍ പമ്പ് ഹൗസ് നിര്‍മിച്ചു. തോട്ടില്‍ കിണര്‍ നിര്‍മിച്ച് അതില്‍ നിന്ന് വെള്ളമെത്തിക്കാനായിരുന്നു തീരുമാനം. ആവശ്യത്തിന് ആഴമില്ലാത്തതിനാല്‍ അഞ്ച് മിനിട്ടിനുള്ളില്‍ വെള്ളം തീര്‍ന്നുപോകുന്ന അവസ്ഥയായി. 2018-ലെ വരള്‍ച്ചയില്‍ പുഞ്ചകൃഷി ഉള്‍പ്പെടെ നശിക്കാനിടയായതിനെ തുടർന്ന് പാടശേഖര സമിതിയുടെ പരാതിയിൽ എംഎൽഎ ജെയിംസ് മാത്യു ഇടപെട്ടതോടെയാണ് വീണ്ടും പദ്ധതിയ്ക്ക് ഉണര്‍വ് വന്നത്.
ഇപ്പോഴുള്ള ആവശ്യത്തിന് ഒരു മോട്ടോര്‍ മതിയെങ്കിലും 38 ഏക്കർ കൃഷി ചെയ്യുന്നതിന് ഇത് പോരാതെ വരും. നിലവിലെ മോട്ടോറിന് എന്തെങ്കിലും തകരാർ സംഭവിച്ചാല്‍ വെള്ളം മുടങ്ങുന്ന സ്ഥിതിയുണ്ടാകും. കേടായിക്കിടക്കുന്ന രണ്ടാമത്തെ മോട്ടോര്‍ അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.