കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് ദിവസത്തിനിടെ 711 പേരിൽ നടത്തിയ കൊവിഡ് പരിശോധനയിൽ 59 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തളിപ്പറമ്പിൽ കൊവിഡ് സമ്പർക്ക വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് തളിപ്പറമ്പിൽ മാസ് ടെസ്റ്റ് നടത്തിയത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കം പുലർത്തിയ 600 പേരുടെ പട്ടിക തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ രത്നകുമാറിന്‍റെ നേതൃത്വത്തിൽ തയ്യാറാക്കി തളിപ്പറമ്പ് നഗരസഭക്കും ആരോഗ്യ വിഭാഗത്തിനും കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ ബന്ധുക്കൾ, തളിപ്പറമ്പിലെ വ്യാപാരികൾ, നഗരത്തിലെ തൊഴിലാളികൾ തുടങ്ങിയവരെയാണ് റാപിഡ് ആന്‍റിജൻ ടെസ്റ്റിന് വിധേയമാക്കിയത്.
കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കം പുലർത്തിയ 711 പേരുടെ സ്രവമാണ് മൂന്ന് ദിവസങ്ങളിലായി പരിശോധിച്ചത്. ആദ്യ ദിനം 200 പേർക്ക് നടത്തിയ ആന്‍റിജൻ പരിശോധനയിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഏഴുപേരും തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നിന്നുള്ളവരാണ്. രണ്ടാം ദിനമായ ചൊവ്വാഴ്‌ച മറ്റ് 200 പേരിൽ നടത്തിയ ആന്‍റിജൻ പരിശോധനയിൽ 22 പേർക്ക് കൂടി കൊവിഡ് കണ്ടെത്തി. ഇതിൽ 17 പേർ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഉള്ളവരാണ്.
ബുധനാഴ്ച്ച 311 പേരിൽ റാപിഡ് ആന്‍റിജൻ പരിശോധന നടത്തിയപ്പോൾ 23 പേരിലാണ് കൊവിഡ് കണ്ടെത്തിയത്. ഇതിൽ 20 പേരും തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഉള്ളവരാണ്. നഗരസഭയുടെ നിർദ്ദേശപ്രകാരം ബുധനാഴ്ച 111 പേരെ കൂടി അധികമായി പരിശോധിച്ചിരുന്നു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിലാണ് പരിശോധന നടന്നത്. മൂന്നു ദിവസം കൊണ്ട് 711 പേരെ പരിശോധിച്ചതിൽ 59 പേർക്ക് പോസിറ്റീവ് കണ്ടെത്തി.