കണ്ണൂർ: പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കി. ഫീസ് പുനഃപരിശോധന ആവശ്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം. 2018 ബാച്ചിലെ വിദ്യാർഥികളാണ് സമരം ചെയ്യുന്നത്.
മെഡിക്കല്‍ കോളജ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും ഫീസ് ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാർഥികള്‍ സമരം ആരംഭിച്ചത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് സ്വാശ്രയ സംവിധാനത്തില്‍ പ്രവേശനം നേടിയവരാണ് സമര രംഗത്തുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജായ ശേഷവും സ്പെഷ്യല്‍ ഫീ ഇനത്തിലടക്കം ഭീമമായ തുക അടക്കേണ്ടി വരുമെന്നാണ് ഇവരുടെ പരാതി. സഹകരണ മെഡിക്കല്‍ കോളേജായിരുന്ന സമയത്തെ കമ്മിറ്റി നിശ്ചയിച്ച സ്വാശ്രയ ഫീസാണ് ഇപ്പോഴും നിലവിളുള്ളത്. ഈ കമ്മിറ്റി ഇപ്പോഴില്ലെന്നും വിദ്യാർഥികള്‍ പറയുന്നു.
ലക്ഷങ്ങളുടെ അന്തരമാണ് ഫീസിന്റെ കാര്യത്തില്‍ ഒരേ കോഴ്സ് പഠിക്കുന്ന 2018 വിദ്യാർഥികളും അതിന് ശേഷം പ്രവേശനം നേടിയവരും തമ്മിലുള്ളത്. സ്പെഷ്യല്‍ ഫീസായി നാല്‍പ്പതിനായിരം രൂപ വരെ വാങ്ങുന്നുവെന്നും നേരത്തെ ഉറപ്പ് നല്‍കിയത് പ്രകാരമുള്ള പുനപരിശോധനയെങ്കിലും വേണമെന്നുമാണ് ഇവരുടെ ആവശ്യം.