കണ്ണൂർ : സംസ്ഥാനത്ത് ട്രെയിനുകളുടെ സുരക്ഷ പ്രഖ്യാപനങ്ങൾ വാചക കസർത്ത് മാത്രമായി ഒതുങ്ങുന്നുവെന്ന് ആരോപണം. ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പൊതുജനം വിമർശനവുമായി രംഗത്തെത്തിയത്. ഞായറാഴ്‌ച (13.8.23) രാത്രി ഏഴ് മണിക്കും എട്ട് മണിക്കും ഇടയിൽ കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് തീവണ്ടികൾക്ക് നേരെയാണ് കല്ലേറുണ്ടായത്.
കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ വച്ച് തിരുവനന്തപുരം എൽടിടി നേത്രാവതി എക്‌സ്‌പ്രസിന് (16346) നേരെ ഉണ്ടായ ആക്രമണത്തിൽ ട്രെയിനിന്‍റെ എസി കോച്ചിന്‍റെ ജനൽ ചില്ല് തകർന്നു. കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിൽ ആണ് ചെന്നൈ സൂപ്പർഫാസ്റ്റ്(12686)നു നേരെ കല്ലേറ് ഉണ്ടായത്. ചെന്നൈ സൂപ്പർഫാസ്റ്റിന്‍റെയും എ സി കോച്ചിന്‍റെ ജനൽ ചില്ല് തകർന്നിരുന്നു. അതേസമയം, ഓഖ എറണാകുളം എക്‌സ്‌പ്രസ് (16337) നീലേശ്വരത്ത് എത്തും മുന്നേയാണ് കല്ലേറുണ്ടായത്.
ഇതിന് പിന്നാലെ തിങ്കളാഴ്‌ച ഉച്ചയോടെ കണ്ണപുരത്തിനും പാപ്പിനിശേരിക്കും ഇടയിൽ വീണ്ടും ട്രെയിനിനു നേരെ കല്ലേറ് ഉണ്ടായി. തുരന്തോ എക്‌സ്‌പ്രസിന് നേരെയാണ് ആക്രമണം. സംഭവം ആസൂത്രിതമാണെന്നാണ് റെയില്‍വെയുടെ കണ്ടെത്തൽ. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർക്ക് കല്ലേറില്‍ പങ്കില്ലെന്ന് പിന്നീട് കണ്ടെത്തി.
20 മാസങ്ങൾക്കിടെ പാലക്കാട് ഡിവിഷനിൽ മാത്രം കല്ലേറേറ്റത് 60 തീവണ്ടികൾക്കാണ്. 2022ൽ 32 തീവണ്ടിക്ക് ഏറുകൊണ്ടപ്പോൾ ഈ വർഷം 28 തവണ തീവണ്ടികൾക്ക് നേരെ അക്രമം ഉണ്ടായി. കൂടുതലും വന്ദേഭാരത് എക്‌സ്‌പ്രസിന് നേരെയാണ് ആക്രമണം.
തിരൂർ, കണ്ണൂർ, വളപട്ടണം, ചോറ്റാനിക്കര എന്നിവിടങ്ങളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. 2015 ൽ കല്ലേറു ഉണ്ടായത് 15 ഇടങ്ങളിൽ നിന്നാണ്. 2016ൽ 17 ആക്രമണവും ഉണ്ടായി. കഴിഞ്ഞ വർഷം മാത്രം യാത്രക്കാരുടെ തല തകർത്ത മൂന്നു സംഭവങ്ങളുണ്ടായി. സെപ്‌റ്റംബർ 11 ന് തിരുവനന്തപുരം എക്‌സ്‌പ്രസിൽ യാത്ര ചെയ്‌ത ഏഴാം ക്ലാസുകാരി കീർത്തന രാജേഷിന് കല്ലേറിൽ തലയ്‌ക്ക് മുറിവേറ്റിരുന്നു.
കണ്ണൂർ സൗത്തിൽ വച്ചാണ് സംഭവം. മംഗളുരു കോളേജിൽ കോഴ്‌സിന് ചേരാൻ പോയ മടിക്കൈ സ്വദേശി അഭിരാമിന് കല്ല് കാലിൽ കൊണ്ട് സാരമായി മുറിവേറ്റത് കഴിഞ്ഞ മാസമാണ്. ചെന്നൈ മംഗലാപുരം മെയിലിൽ കോട്ടിക്കുളത്ത് വച്ചായിരുന്നു സംഭവം. ഇതുവരെ പത്തിൽ താഴേ സംഭവങ്ങളിൽ മാത്രമാണ് കല്ലേറ് നടത്തിയവരെ കുറിച്ച് സൂചന ലഭ്യമായിട്ടുള്ളൂ. ചുരുക്കം ചിലർ പിടിയിലായി.
വന്ദേ ഭാരതിന് തിരൂരിൽ കല്ലെറിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ അബദ്ധത്തിൽ ഏറു മാറിക്കൊണ്ടതാണെന്നാണ് ഇയാൾ പൊലീസിന് മൊഴികൊടുത്തത്. പിടിക്കപ്പെട്ടവരിൽ ചിലർ കുട്ടികളാണ്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ രണ്ടുതവണ ട്രെയിനുകൾ അഗ്നിക്കിരയാക്കിയപ്പോൾ സ്റ്റേഷനുകളിൽ സുരക്ഷ പ്രഖ്യാപനങ്ങൾ പലകുറി കേട്ടതാണ്. എന്നാൽ വാചക കസർത്ത് ഒഴിച്ചാൽ മറ്റ് നടപടിക്രമങ്ങൾ ഒന്നും ഇതുവരെയും കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നടന്നിട്ടില്ല.
വടക്കു പ്രദേശങ്ങൾ ഇപ്പോഴും കാടുകയറി ഭീകര അന്തരീക്ഷം സൃഷ്‌ടിക്കുന്ന നിലയിൽ ആണുള്ളത്. കൂടാതെ ട്രാക്ക് കടന്നുപോകുന്ന താഴെ ചൊവ്വ, എടക്കാട്, പാപ്പിനിശേരി തുടങ്ങിയ മേഖലകളിലും മദ്യ കഞ്ചാവ് മാഫിയകൾ യഥേഷ്‌ടം വിലസുകയാണ്. ഇതും അക്രമകാരികൾക്ക് വളം വെച്ചു കൊടുക്കുന്നുണ്ട്.