കണ്ണൂര്‍ : സോഷ്യൽ മീഡിയയും പ്രതിപക്ഷവും ഇപ്പോൾ ഭരണപക്ഷത്തെ എടുത്തിട്ട് അലക്കുന്നത് ഒരു 515ന്‍റെ കണക്കുകൊണ്ടാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പോസ്റ്റ് ഇങ്ങനെ. "മുഖ്യമന്ത്രിയുടെ ആഡംബര സദസ്സിൽ 3, 97, 731 രൂപയുടെ വായ്പയുടെ ഇളവ് ചെയ്യാൻ കൊടുത്ത അപേക്ഷകന് 515 രൂപ ഇളവ് നല്‍കി. സദസ്സിൽ പോകാൻ ഓട്ടോക്കൂലി : 150, അപേക്ഷകളുടെ ഫോട്ടോസ്റ്റാറ്റ് : 50, ഉച്ചവരെ കാത്ത് നിന്നപ്പോൾ ചായ, കടി : 30, കുപ്പിവെള്ളം : 15, ആകെ : 245. ലാഭം: 270/- ആ പൈസയ്ക്കിനി ഒരു ഫ്ലാറ്റും ഒരു കാറും കൂടി വാങ്ങണം (Complaint Against Nava Kerala Sadas).
ഇങ്ങനെ പോകുന്നു ട്രോളുകൾ. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൂലിപ്പണിക്കാരനായ പരാതിക്കാരനായ ഒരാളാണ് തനിക്ക് കിട്ടിയ ഇളവിനെ കുറിച്ച് രേഖകൾ സഹിതം പറഞ്ഞത്. വീട് അറ്റകുറ്റപ്പണിക്കെടുത്ത നാല് ലക്ഷം രൂപയുടെ വായ്പയിൽ കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയിൽ 3,97,731 രൂപ ഇനിയും അടയ്ക്കാനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനെത്തിയപ്പോൾ അവിടെ പോയി അപേക്ഷ നൽകി. കുടിശ്ശിക ഇളവ് നൽകണമെന്നായിരുന്നു ആവശ്യം (Nava Kerala Sadas Loan Exemption Rs 515).
ഒരു ദിവസം പണി കളഞ്ഞ്, ഇരിട്ടി വരെ പോയി നൽകിയ അപേക്ഷയാണ്. എങ്കിലും പരാതിക്ക് കൃത്യമായി മറുപടി വന്നു. ഡിസംബർ ആറിന് പരാതി തീർപ്പാക്കിയതായി സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാറുടെ അറിയിപ്പ് വരികയായിരുന്നു. താങ്കൾക്ക് പരമാവധി ഇളവ് നൽകാൻ ബാങ്ക് തീരുമാനിച്ചിരിക്കുന്നു. താഴെ പറയുന്ന പലിശ ആനുകൂല്യങ്ങൾ കൈപ്പറ്റി വായ്‌പ കണക്ക് അവസാനിപ്പിക്കാമെന്നായിരുന്നു അറിയിപ്പ്. എന്നാൽ കുറച്ച തുക കേട്ടാൽ ആരും മൂക്കത്ത് വിരൽവയ്ക്കും (Chief Minister's Nava Kerala Sadas).
പരമാവധി ഇളവ് നൽകിയെന്നും പരാതി തീർപ്പാക്കിയെന്നുമായിരുന്നു പരാതിക്കാരന് മറുപടി കിട്ടിയത്. വെറും 515 രൂപയാണ് ഇയാൾക്ക് കുറച്ചുനൽകിയത്. ഇളവ് ചെയ്ത തുകയുടെ കൃത്യമായ കണക്ക് ഇങ്ങനെ. കുടിശ്ശിക തുകയുടെ 0.13 ശതമാനം. അതായത് 397731 രൂപയിൽ നിന്ന് 515 രൂപ കുറച്ച് ബാക്കി 3,97216 രൂപ ഈ മാസം 31നകം ബാങ്കിൽ അടയ്ക്കണം. ഇളവ് അനുവദിക്കാൻ വകുപ്പില്ല എന്ന മറുപടിയായിരുന്നെങ്കിൽ ഇതിലും ഭേദമെന്നാണ് അപേക്ഷകൻ പറയുന്നത്. കണ്ണൂരിൽ നവകേരള സദസ്സിലെ പരാതികളിൽ ഏറ്റവുമധികം തീർപ്പാക്കിയത് സഹകരണ വകുപ്പാണ്. അതിലൊന്നാണ് ഇതെന്നതാണ് ഏറെ കൗതുകകരം (Nava Kerala Sadas Rs 515 issue).