കണ്ണൂർ: ഒരു നൂറ്റാണ്ടിനിടെ ആദ്യമായി കണ്ണൂർ ജില്ല സോമയാഗത്തിന് സാക്ഷിയാകുകയാണ്. നമ്പൂതിരി ഗ്രാമമായ കൈതപ്രമാണ് സോമയാഗത്തിന് വേദിയാകുന്നത്. അത്യപൂർവ്വമായി മാത്രം നടക്കുന്ന ഈ ചടങ്ങ് നിരവധി ഐതിഹ്യങ്ങളാല്‍ സമ്പന്നമാണ്. ഏപ്രിൽ 30 മുതൽ മെയ് അഞ്ചുവരെ നടക്കുന്ന സോമയാഗത്തിന് അഗ്നികുണ്ഡങ്ങളുമായി അഗ്നി ശാല ഒരുങ്ങിക്കഴിഞ്ഞു.
കൈതപ്രത്തെ വൈഷ്‌ണവ ക്ഷേത്രങ്ങളായ വാസുദേവപുരം, കൃഷ്‌ണൻമതിലകം, വിഷ്‌ണുപുരം എന്നിവ കേന്ദ്രീകരിച്ച് പത്തേക്കറോളം സ്ഥലത്താണ് യാഗത്തിന് വേദിയൊരുങ്ങിയത്. രണ്ട് ഏക്കറില്‍ ഓല, കവുങ്ങ് എന്നിവ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് യോഗശാലയുടെ നിർമിതി.
5000 ചതുരശ്രയടി വിസ്‌തൃതിയിൽ ഒരുക്കുന്ന യജ്ഞശാലയില്‍ ഗോശാല, കലവറ, തുടങ്ങി അനുബന്ധ നിർമ്മിതികളും ഉണ്ട്. രവി അന്തിത്തിരിയന്‍റെ നേതൃത്വത്തിൽ 15 വിദഗ്‌ധ തൊഴിലാളികളാണ് ഒരു മാസമെടുത്ത് യോഗശാല നിർമാണം പൂർത്തിയാക്കിയത്. ഋതുക്കുകളടക്കം അമ്പതോളം വേദപണ്ഡിതന്മാർക്ക് മാത്രമാണ് യോഗശാലയിൽ പ്രവേശനം.
യാഗ വേദിയിൽ വേദപണ്ഡിതരുടെ നേതൃത്വത്തിൽ യജമാനന്‍റെ കാർമികത്വത്തിൽ ഏപ്രില്‍ 30ന് കൊളുത്തുന്ന ഹോമാഗ്നി സമാപന ദിനത്തിൽ യജ്ഞശാല അഗ്നിയിൽ അമരുന്നതുവരെ കെടാതെ ജ്വലിക്കും. തച്ചുശാസ്ത്ര വിധിപ്രകാരം നിർമ്മിച്ച വിശാലമായ യാഗശാലയിൽ ചാണകം തേച്ചാണ് നിലമൊരുക്കിയത്. ദിവസേന യാഗത്തിന് എത്തുമെന്നു പ്രതീക്ഷിക്കുന്ന 10,000 പേർക്ക് അന്ന പ്രസാദം നൽകാനും, ഹോമാഗ്നി പ്രദക്ഷണം തൊഴാനും വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
സോമയാഗം : വടക്കൻ ഇന്ത്യയിൽ അപൂർവമായി കാണുന്ന സസ്യമായ സോമലത ഇടിച്ചു പിഴിഞ്ഞ് അതിന്‍റെ നീരെടുത്ത് മന്ത്രത്തോടെ അഗ്നിയിൽ സമർപ്പിക്കുന്നതാണ് സോമയാഗം. സോമരസം സമർപ്പിക്കുന്നത് അഗ്നിയിലാണെങ്കിലും എത്തിച്ചേരുന്നത് ദേവന്മാരിലാണ് എന്നാണ് വിശ്വാസം. അച്ചിങ്ങ (പയർ) വള്ളിയുടെ തണ്ട് പോലുള്ളതാണ് സോമത്തണ്ട്. സോമനെന്നാൽ ചന്ദ്രൻ എന്നർഥമുണ്ട്. സോമവളളിയിൽ ചന്ദ്രന്‍റെ വൃദ്ധിക്കനുസരിച്ച് ഓരോ ദിവസവും ഓരോ ഇല കിളിർക്കുമത്രേ.
കറുത്ത പക്ഷത്തിൽ ഇലകൾ നഷ്‌ടപ്പെടുകയും ചെയ്യും. ഇതിന്‍റെ ചവർപ്പുള്ള രസം കുടിച്ചാൽ ആനന്ദം ലഭിക്കുമെന്നാണ് മറ്റൊരു വിശ്വാസം. ഇതാണ് ദേവന്മാരുടെ ഇഷ്‌ട ഭക്ഷണം. വേദത്തിൽ പറഞ്ഞ രീതിയിൽ മാത്രം നടക്കുന്ന ചടങ്ങാണ് സോമയാഗം.
വേദത്തിൽ രണ്ടുതരം യജ്ഞങ്ങളുണ്ട് - ഹവിര്യജ്ഞം, സോമ യജ്ഞം. ഒന്നാമത്തേതിൽ ഹവിസ്സിന്നാണ് പ്രാധാന്യം. സാധാരണ എല്ലാവരും ഒരു അഗ്നിയിലാണ് കർമങ്ങൾ ചെയ്യുക. എന്നാൽ ഈ ഏകാഗ്നിയെ ത്രേതാഗ്നിയാക്കിയാലേ ശ്രൗതകർമങ്ങൾ സാധ്യമാവൂ. ഗാർഹപത്യ അഗ്നി, ആഹവനീയ അഗ്നി, അന്വാഹാര്യ അഗ്നി ഇങ്ങിനെ ഒരഗ്നിയെ മൂന്നഗ്നിയാക്കുന്ന യജ്ഞമാണ് അഗ്ന്യാധാനം എന്ന ക്രിയ. ഇത് സോമയാഗത്തിനു മുമ്പ് നടക്കും. അത് രണ്ടു ദിവസത്തെ ചടങ്ങാണ്.
ഈ മൂന്ന് അഗ്നിയുടേയും കുണ്ഡങ്ങളുടെ ആകൃതി വ്യത്യസ്‌തമാണ്. ഗാർഹപത്യം വൃത്താകൃതിയിലും, ആഹവനീയം സമചതുരത്തിലും, അന്വാഹാര്യം അർധചന്ദ്ര ആകൃതിയിലുമാണെന്ന് തന്ത്രി വര്യന്മാർ പറയുന്നു. അഗ്ന്യാധാനം ചെയ്‌തവനെ ആഹിതാഗ്നി എന്നും ആ അഗ്നി സൂക്ഷിക്കുന്നവൻ അഗ്നിഹോത്രിയുമാണ്. അതി കഠിനമായ ഒരു ഉത്തരവാദിത്തമാണ് അഗ്നിഹോത്രി ഏറ്റെടുക്കുന്നത്. മൂന്ന് കുണ്ഡങ്ങളിലേയും തീ മരണം വരെ കെടാതെ സൂക്ഷിക്കണം.
രാവിലെയും വൈകുന്നേരവും അതിൽ പത്നീസമേതനായി ഹോമം ചെയ്യുകയും കറുത്തവാവിനും, വെളുത്തവാവിനും ചെറു യാഗം നടത്തേണ്ടതുമുണ്ട്. ഈ യാഗത്തിലെ യജമാനൻ കഴിഞ്ഞ വർഷം (2022 ) വൈശാഖത്തിലെ അക്ഷയ തൃതീയ ദിവസം (മെയ് 3) അഗ്ന്യാധാനം ചെയ്‌ത് ആഹിതാഗ്നിയായി. എല്ലാ ദിവസവും അഗ്നിഹോത്രം ചെയ്‌തു കൊണ്ട് അഗ്നിഹോത്രിയുമായി. സോമയാഗം ചെയ്‌തവനെ സോമയാജി എന്നും അതിരാത്രം ചെയ്‌വനെ അക്കിത്തിരി എന്നും വിളിക്കുക.
ആരാണ് യാഗം ചെയ്യുന്നവർ : യാഗം ചെയ്യുന്നവനെ യജമാനൻ എന്നാണ് പറയുക. അഗ്ന്യാധാനം വരെയുള്ള ഷോഡശസംസ്‌കാരങ്ങൾ അനുഷ്‌ഠിച്ച ഗൃഹസ്ഥനായ (ഭാര്യ ജീവിച്ചിരിപ്പുള്ള ) ബ്രാഹ്മണനെ യാഗത്തിന് അധികാരമുള്ളൂ. അവൻ നിത്യ അഗ്നിഹോത്രിയാവണം. കൈതപ്രം സോമയാഗത്തിൽ ഡോക്‌ടറും പ്രൊഫെസറുമായ കൊമ്പങ്കുളം വിഷ്‌ണു അഗ്നിഹോത്രിയാണ് യജമാനൻ. പത്നി ഡോക്‌ടർ ഉഷ അഗ്നിഹോത്രി കോളജിൽ സംസ്‌കൃതം അധ്യാപികയാണ്. മക്കളും വേദപണ്ഡിതരാണ്.
യാഗശാല ഒരുക്കുന്നത് യജമാനന്‍റെ കാൽപ്പത്തിയുടെ നീളം ഏകകമാക്കിക്കൊണ്ടാണ്. നല്ല മുഹൂർത്തം നോക്കി പത്നീ സമേതനായി ഇരുന്ന് ഗണപതി നേദിച്ച ശേഷം ഒരു മുളക്കഷണത്തിൽ യജമാനന്‍റെ കാല്പത്തിയുടെ നീളം അളന്നെടുക്കും. അതാണ് ഒരു പദം. രണ്ടു പദം നീളത്തിലാണ് മുറിക്കുക. ഇതിന് പ്രക്രമം എന്നാണ് പേര്. അതായത് രണ്ടു കാൽപ്പത്തിയുടെ നീളമാണ് പ്രക്രമം. ഇതിന്‍റെ അഞ്ചിൽ നാല് ഭാഗത്തിന് അരത്നി എന്നും അരത്നിയുടെ പകുതിക്ക് പ്രാദേശമെന്നും പേര്.
യാഗശാലകളിൽ പടിഞ്ഞാറെ പുരയുടെ നീളം 16 പ്രക്രമയും വീതി 12 പ്രക്രമയും ആണ്. ഉയരവും 12 പ്രക്രമ തന്നെ. മറ്റു ശാലകളും പ്രക്രമയുടെ അടിസ്ഥാനത്തിൽ തന്നെ. യജമാനന് നീളമുള്ള കാലടിയാണെങ്കിൽ യാഗശാലയുടെ വലുപ്പം കൂടും. മറിച്ചും. പരിപൂർണമായ വ്രതത്തിലാണ് യജമാനർ ഉണ്ടാവുക. ഇതിന് ദീക്ഷ എന്നും പറയും.