കണ്ണൂർ: മൈതാന നിർമ്മാണം എന്ന പേരിൽ പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മണ്ണ് കടത്തുന്നതായി ആരോപണം. കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്ത് ഓഫീസിനു പിൻവശത്ത് കെ കെ എൻ സ്‌മാരക സാംസ്‌കാരിക നിലയത്തിന് മുന്നിലെ 60 സെന്‍റ് സ്ഥലത്താണ് മണ്ണെടുപ്പ് നടക്കുന്നത്. കാസർകോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേയ്ക്കാണ് മണ്ണ് കൊണ്ട് പോകുന്നതെന്നും ആക്ഷേപമുണ്ട്.
ഇതുവരെ 160 ലോഡ് മണ്ണ് ഇവിടുന്ന് കടത്തി കഴിഞ്ഞെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഞ്ച് അടിയോളം താഴ്‌ചയിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് മണ്ണെടുപ്പ്. ഇത് തുടർന്നാൽ പ്രദേശത്തെ വീടുകൾക്ക് ഭീഷണി ആകുമെന്നും പ്രദേശവാസികൾ പറയുന്നു. അവധി ദിവസങ്ങളിലാണ് സാംസ്ക്കാരിക നിലയത്തിന് മുൻവശത്ത് നിന്നും ലോഡ് കണക്കിന് മണ്ണ് കടത്തുന്നത്.
ആകെ മൊത്തം ദുരൂഹത: വില്ലേജ് ഓഫിസറുടെ ശ്രദ്ധയിൽപ്പെടുത്തി മണ്ണെടുപ്പ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉന്നത സ്വാധീനമുപയോഗിച്ച് മണ്ണ് കടത്തുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു. മണ്ണെടുക്കുന്ന സ്ഥലത്തിന്‍റെ ഉടമയെ കുറിച്ചും ദുരൂഹതയാണ്. സ്ഥലം ആരുടേതാണെന്ന് വെളിപ്പെടുത്താൻ വില്ലജ് അധികൃതർ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൊതു മൈതാനം നിർമ്മിക്കുന്നതിൽ എതിർപ്പില്ല. എന്നാല്‍, മണ്ണ് കടത്തിലും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലുമാണ് പരാതിയെന്ന് നാട്ടുകാർ വിശദീകരിക്കുന്നു.
അതേസമയം, മണ്ണ് നീക്കം ചെയ്യുന്നത് കളിസ്ഥലം ഉണ്ടാക്കുന്നതിനാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തി ആണ് ഇപ്പോൾ നടക്കുന്നത്. ഈ സ്ഥലം സാംസ്‌കാരിക നിലയത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നും വാദമുണ്ട്. മണ്ണെടുക്കുന്ന സ്ഥലത്ത് നിലവില്‍ ഒരു പൊതു വഴിയുണ്ട്. മണ്ണെടുത്ത് കഴിയുന്നതോടെ പൊതുവഴി ഇല്ലാതാകുമെന്നും ആശങ്കയുണ്ട്.
ഭീഷണിയില്‍ കുന്നുകള്‍: ദേശീയ പാത വികസനത്തിന്‍റെ ഭാഗമായും ജില്ലയിൽ വലിയ രീതിയിലാണ് കുന്നിടിക്കൽ നടക്കുന്നത്. ഇതേതുടർന്ന് പല കുന്നുകളും ഭീഷണിയിലാണ്. ഇതിനെ പ്രതിരോധിക്കാൻ കൂറ്റൻ സുരക്ഷാഭിത്തി കെട്ടാൻ സ്ഥലമില്ലാത്തതിനാൽ സോയിൽ സീലിങ് ചെയ്‌തു ബലപ്പെടുത്തുക മാത്രമാണ് ഏക പരിഹാരമാർഗം എന്നാണ് ദേശീയപാത വികസനവുമായി ബന്ധപെട്ടവർ പറയുന്നത്.
ചെങ്കുത്തായ കുന്നുകൾ ഇടിയാതിരിക്കാൻ നീളമേറിയ ഉരുക്കു ബാറുകൾ കുന്നിലേക്ക് തുല്യഅകലത്തിൽ അടിച്ചു കയറ്റും. പ്രത്യേക കോൺക്രീറ്റ് ഗ്രൗണ്ട് ഇതിനുള്ളിലേക്ക് പമ്പ് ചെയ്‌തു കയറ്റി സുരക്ഷ മതിൽ നിർമ്മിക്കുന്ന രീതിയാണിത്.
വ്യാപകമായി കുന്നിടിക്കല്‍: അതേസമയം, തന്നട പൊതുവാച്ചേരി റോഡിലും കുന്നിടിക്കല്‍ വ്യാപകമാണ്. പുതുതായി നിര്‍മിക്കുന്ന വാരം ബൈപാസിന്‍റെ ഭൂ നിരപ്പ് ഉയര്‍ത്തുന്നതിനാണ് മേഖലയില്‍ നിന്ന് കുന്നിടിച്ച് മണ്ണെടുക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നിന്നാണ് മണ്ണെടുക്കുന്നതെങ്കിലും വ്യാപകമായ കുന്നിടിക്കല്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കുന്നില്‍ ചരിവിലുള്ള ഈ മേഖലയുടെ താഴ്‌ഭാഗത്ത് ഏകദേശം 200ലധികം വീടുകളാണ് ഉള്ളത്.
also read: മുത്തപ്പൻ മലയൊരു 'ജലബോംബായി', അൻപതോളം കുടുംബങ്ങൾ ഭീതിയില്‍
also read: ബോട്ടുകടവിൽ പുഴയുടെ അരികുകൾ ഇടിയുന്നു; കരിങ്കൽ ഭിത്തി കെട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ