കണ്ണൂര്‍: പ്രമുഖ ഗാന്ധിയനും പ്രഭാഷകനും എഴുത്തുകാരനുമായ കെ.പി. എ റഹീമിന്‍റെ പേരില്‍ സ്‌മൃതിവേദി ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്‌ക്കാരത്തിന് പ്രൊ. ബി. മുഹമ്മദ് അഹമ്മദിനെ തിരഞ്ഞെടുത്തു(smrithi vedi award 2023). 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. റഹിം മാസ്റ്ററുടെ അഞ്ചാമത് ചരമവാര്‍ഷിക ദിനമായ ജനുവരി 13 ന് പാനൂരില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.
ഗാന്ധിയനായ ടി.പി. ആര്‍ നാഥ്, പ്രൊഫ. എ.പി. സുബൈര്‍, എ.കെ. സുരേശന്‍മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മാനവ സ്‌നേഹത്തിന്‍റെയും കരുതലിന്‍റെയും കാരുണ്യത്തിന്‍റെയും സന്ദേശവാഹകനായി ജീവിക്കുന്ന ഗാന്ധിയന്‍ ചിന്തകനാണ് പ്രൊഫ. മുഹമ്മദ് അഹമ്മദ് എന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഗാന്ധിജിയെക്കുറിച്ച് ഗ്രന്ഥം രചിക്കുകയും നിരവധി പ്രഭാഷണം നടത്തുകയും ചെയ്യുന്ന വ്യക്തിയാണ് മുഹമ്മദ് അഹമ്മദ്.
കേരളാ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ പുരസ്‌ക്കാര ദാനം നിര്‍വ്വഹിക്കും.അഡ്വ. സുജാതാ വര്‍മ്മ മുഖ്യാതിഥിയാകും. കെ. മുരളീധരന്‍ എം. പി. പുരസ്‌ക്കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്‌മൃതി വേദി ഭാരവാഹികള്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.