കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗികകൾക്കുള്ള ചികിത്സയും പരിചരണവും ആരംഭിച്ചു. അഞ്ചരക്കണ്ടിയിലെ കൊവിഡ് ചികിത്സാകേന്ദ്രം അടച്ച പശ്ചാത്തലത്തിലാണ് കൊവിഡ് സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ (സി.എസ്.എൽ.ടി.സി) താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചത്. മൂന്ന് നിലകളിലായി 150 കിടക്കകളാണ് സെക്കന്‍റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിനായി സജ്ജമാക്കിയിരിക്കുന്നത്. ആശുപത്രിയുടെ താഴത്തെനിലയിൽ ഒ.പി അതേപടി പ്രവർത്തിക്കും.
കൊവിഡ് പരിശോധന നടത്തുന്ന ഒന്നാംനിലയിലും മാറ്റമുണ്ടാകില്ല. ഒന്നുമുതൽ നാലുവരെയുള്ള നിലകളിലാണ് കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കിയിട്ടുള്ളത്. അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിൽ ഉണ്ടായിരുന്ന ദേശീയ ആരോഗ്യദൗത്യത്തിന്(എൻ.എച്ച്.എം) കീഴിലുള്ളവരെയാണ് ഇവിടെയും കൊവിഡ് ചികിത്സയ്ക്കായി നിയമിച്ചിട്ടുള്ളത്. കൊവിഡ് ചികിത്സാകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർക്ക് താമസസൗകര്യമുൾപ്പെടെ എല്ലാ കാര്യങ്ങളും സജ്ജമാക്കിയതായി ആശുപത്രി സൂപ്രണ്ട് ഡോ കെ.ടി രേഖ പറഞ്ഞു.
കേന്ദ്രത്തിന്‍റെ ഇൻ ചാർജ് സൂപ്രണ്ട് ഡോ കെ.ടി.രേഖയും നോഡൽ ഓഫീസർ ഡോ.അജിത് കുമാറായിരിക്കും. ആശുപത്രി പുതിയ ബ്ലോക്കിലേക്ക് എത്തിച്ചേരാനുള്ള റോഡിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. പുതിയ സംവിധാനം ഏർപ്പെടുന്നത് മറ്റ് ചികിത്സയ്‌ക്കെത്തുന്ന രോഗികളെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.