കണ്ണൂർ: കണ്ണൂർ കക്കാട് നിന്ന് ആയുധങ്ങളുമായി എസ്‌ഡിപിഐ പ്രവർത്തകനെ പൊലീസ് പിടികൂടി. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസിം ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു വടിവാൾ, രണ്ട് സർജിക്കൽ ബ്ലേഡ്, ഇരുമ്പ് വടി, കട്ടിംഗ് പ്ലെയർ എന്നിവ പിടിച്ചെടുത്തു. അതേസമയം, പ്രദേശത്ത് സംശയാസ്പദമായി രണ്ട് ബൈക്കുകളിലായി നാല് പേരെ കണ്ടെത്തിയിരുന്നു. പൊലീസിനെ കണ്ട് ഈ സംഘത്തിലെ മൂന്ന് പേര് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവർ നസീം, ബിലാൽ, നഫ്‌സൽ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
കക്കാട് മേഖലയിൽ അക്രമവും കൊലപാതകവും ലക്ഷ്യമിട്ട് വന്നതാണ് എസ്‌ഡിപിഐ സംഘം എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ മുഹമ്മദ് ഫസിം നേരത്തെ നടന്ന രണ്ട് കൊലപാതക ശ്രമങ്ങളിൽ പ്രതിയാണ്. കണ്ണൂർ ടൗൺ പൊലീസ് മുഹമ്മദ് ഫസിമിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.