പയ്യന്നൂർ: പയ്യന്നൂർ കാനായി റോഡരികിൽ കോറോം നോർത്തിൽ ഓല കൊണ്ട് വെയിൽ മറച്ച് തുണിയും പരസ്യ ബോർഡുമെല്ലാം കൊണ്ട് വശങ്ങൾ മറച്ച ഒരു കുഞ്ഞു കടയുണ്ട്. കുട്ടിക്കയ്യക്ഷരത്തിൽ കടയുടെ ബോർഡും വിലവിവരപ്പട്ടികയും ഇവിടെയുണ്ട്. ചൂടിനെ തണുപ്പിക്കാൻ മോരുംവെള്ളവും നാരങ്ങവെള്ളവും മധുരവും പുളിപ്പും അറിയാൻ എള്ളുണ്ടയും പിന്നെ ചില പോക്കറ്റ് പലഹാരങ്ങളും...
കെട്ടിലും മട്ടിലും മാത്രമല്ല ഓണർഷിപ്പിലും കുട്ടിക്കടയാണിത്. പക്ഷേ നാട്ടില്‍ ഇത് ഹിറ്റാണ്. രണ്ട് മാസത്തെ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതോടെ കട പൂട്ടും... കാരണം കട നടത്തിപ്പുകാർക്ക് സ്‌കൂളില്‍ പോകണം... ഇനി അഞ്ചാം ക്ലാസിലേക്ക് പോകേണ്ട ശ്രേയയും അനവദ്യയും ആറാം ക്ലാസിലേക്ക് കയറുന്ന ശ്രീനന്ദും അനന്യയും ചേർന്നാണ് കട നടത്തുന്നത്.
വേനലവധിയിലെ കുട്ടിക്കച്ചവടങ്ങൾ ഒരു കാലത്ത് നാട്ടിൻപുറത്തെ മനോഹര കാഴ്ചയായിരുന്നു. മൊബൈൽ ഫോണിന്‍റെ വരവോടെ ആ മനോഹര കാഴ്‌ചകൾ അവസാനിച്ചു. പക്ഷേ കച്ചവടത്തിലെ തന്ത്രവും കുതന്ത്രവുമറിയാത്ത പയ്യന്നൂർ കോറോത്തെ ഈ കൊച്ചു കൂട്ടുകാരുടെ കുഞ്ഞു കടയിലെ വരവും ചിലവും ലാഭവുമെല്ലാം കൃത്യമാണ്. മൊബൈല്‍ ഫോണുകളുടെ ലോകത്ത് ഇവരും താരങ്ങളാകട്ടെ...
സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നു: കേരളത്തില്‍ വിദ്യാലയങ്ങൾ ജൂൺ ഒന്നിന് തുറക്കുന്നു. പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്നും പുതിയ അധ്യയന വർഷത്തേക്കുള്ള അക്കാദമിക് കലണ്ടർ ജൂൺ ഒന്നിന് പ്രസിദ്ധപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നാളെ (ജൂൺ 1) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും.
ഇതേസമയം തന്നെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലാതല ഉദ്‌ഘാടനം മന്ത്രിമാർ നിർവഹിക്കും. ഉദ്‌ഘാടന പരിപാടി ഒഴിച്ച് ബാക്കി എല്ലാ സ്‌കൂളുകളിലും ചടങ്ങ് 45 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നാം ക്ലാസിൽ വരുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. പാഠ പുസ്‌തകങ്ങൾ എല്ലാ സ്ഥലങ്ങളിലും എത്തിയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷമായി 3800 കോടി രൂപയുടെ വികസന പദ്ധതികളാണ് വിദ്യാഭ്യാസ മേഖലയിൽ നടന്നത്. ഇതിന് പുറമെ വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാകുമെന്നും ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം ജൂൺ അഞ്ചിന് ആരംഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ വൈകുന്നതില്‍ അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി. കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. 2023 - 24 പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണമെന്നായിരുന്നു കോടതി നിര്‍ദേശം.
സ്വമേധയാ എടുത്ത കേസില്‍ കോടതി എന്‍സിഇആര്‍ടിയേയും എസ്‌സിഇആര്‍ടിയേയും കക്ഷി ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം പോക്‌സോ കേസിലെ ജാമ്യം പരിഗണിക്കുന്നതിനിടെയാണ് പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതിനായി കോടതി നിർദേശം ഉണ്ടായത്. സര്‍ക്കാരിനോട് വിഷയത്തിൽ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കേസില്‍ മറുപടി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കോടതി ഉത്തരവുണ്ടായത്. ആറ് മാസത്തിനുള്ളിൽ വിദഗ്‌ധ സമിതി രൂപീകരിച്ച് പാഠ്യപദ്ധതി തയ്യാറാക്കി 2023 -24 അധ്യയന വർഷത്തിൽ നടപ്പിലാക്കാനായിരുന്നു ഹൈക്കോടതി സി ബി എസ് ഇ യ്‌ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിരുന്നത്.
രണ്ട് മാസത്തിനുള്ളിൽ വിദഗ്‌ധ സമിതി രൂപീകരിക്കാനാണ് നിർദേശിച്ചിരുന്നത്. ലൈംഗികാതിക്രമം തടയുന്നതിന്‍റെ ഭാഗമായി അമേരിക്കയിൽ നടപ്പിലാക്കിയ എറിൻസ് ലോ മാർഗരേഖയായി ഉപയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർഥികളുടെ പ്രായം അനുസരിച്ചാകണം പാഠ്യ പദ്ധതിയിൽ ലൈംഗികാതിക്രമം തടയുന്നതിനുള്ള വിഷയം ഉൾക്കൊള്ളിക്കേണ്ടതെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.