കണ്ണൂർ: ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാതെ വിഷമിക്കുകയാണ് സ്കൂൾ വിദ്യാർഥിനികളായ സഹോദരിമാർ. മാങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആദ്യയും പാച്ചേനി ഗവ. ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഐശ്വര്യവുമാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടി ബന്ധുവീടുകളെ ആശ്രയിക്കേണ്ടി വരുന്നത്.
കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിൽപ്പെട്ട നാലാം വാർഡിലെ കാരക്കുണ്ടിൽ നവനീതം വീട്ടിൽ സുശീൽ, സന്ധ്യ ദമ്പതിമാരുടെ മക്കളാണ് ആദ്യയും ഐശ്വര്യയും. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ സുശീലിനും ഭാര്യക്കും വർഷങ്ങൾക്ക് മുമ്പാണ് വിജനമായ കാരക്കുണ്ട് പാറപ്രദേശത്ത് 10 സെന്‍റ് മിച്ചഭൂമിയായി കിട്ടിയത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹായത്താൽ വീട് നിർമിക്കുകയും ഒന്നരവർഷം മുമ്പ് വയറിങ് നടത്തി അപേക്ഷ നൽകിയെങ്കിലും വൈദ്യുതി കിട്ടിയില്ല. തൊട്ടടുത്തുകൂടി ഹൈടെൻഷൻ ലൈൻ കടന്നുപോവുന്നുണ്ടെങ്കിലും വിതരണ ലൈനിൽനിന്ന് ഇവർക്ക് കണക്ഷൻ കിട്ടാൻ ഏഴ് തൂണുകൾ വേണമെന്നാണ് അധികൃതർ പറയുന്നത്. ഇതിനായി ഒരുലക്ഷത്തിലധികം രൂപ ഇതിന് അടക്കണം.
ശാരീരിക വൈകല്യമുള്ള ആളായതിനാൽ സുശീലിന് മറ്റ് ജോലികളൊന്നും ചെയ്യാൻ സാധിക്കുന്നില്ല. ഭാര്യ സന്ധ്യക്കും ജോലിയൊന്നുമില്ല. ബന്ധുക്കളുടെ സഹായത്താലാണ് ജീവിതവും മക്കളുടെ വിദ്യാഭ്യാസവും മുന്നോട്ടുപോവുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ ടെലിവിഷനും ഇല്ല. ഓൺലൈൻ പഠനത്തിന് ടെലിവിഷൻ കാണാൻ മൂത്ത മകൾ തിരുവട്ടൂരിലെ ബന്ധുവീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇളയ മകൾക്ക് പഠിക്കാൻ ചെറിയ മൊബൈൽ ഫോൺ ബന്ധുക്കൾ നൽകിയിട്ടുണ്ടെങ്കിലും താമസിക്കുന്ന സ്ഥലത്ത് റെയ്ഞ്ച് കിട്ടില്ല. വീട്ടിൽനിന്ന് 200 മീറ്റർ മാറി കുന്നിൻ മുകളിൽ പോയിരുന്നാണ് സുശീൽ മകളെ ഫോണിൽ ക്ലാസ് കാണിക്കുന്നത്. മഴക്കാലമായതോടെ അതിനും പ്രയാസമായി. മൊബൈൽ ഫോൺ ചാർജ് തീർന്നാൽ രണ്ട് കിലോമീറ്റർ ദൂരത്ത് ബന്ധുവീട്ടിൽ പോയി വേണം ചാർജു ചെയ്യാൻ. വാഹനസൗകര്യമില്ലാത്ത സ്ഥലമായതിനാൽ വിജനമായ പ്രദേശത്തുകൂടെ നടന്നുപോവണം അടുത്ത വീട്ടിലെത്താൻ. വൈദ്യുതി കണക്ഷൻ കിട്ടുന്നതിനും ഓൺലൈൻ പഠനത്തിനും സുമനസ്സുകളുടെയും അധികൃതരുടെയും സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.