കണ്ണൂർ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂൾ വാഹനങ്ങളിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. അപകടങ്ങൾ ഒഴിവാക്കാനായി സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതയാണ് പ്രധാനമായി പരിശോധിക്കുന്നത്. ഈ വർഷം മുതൽ എല്ലാ സ്കൂൾ വാഹനങ്ങളിലും ജിപിഎസ് സംവിധാനം നിർബന്ധമാണ്.
സ്‌കൂള്‍ ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും.
ആദ്യഘട്ടമായാണ് സ്‌കൂള്‍ബസുകളില്‍ ജിപിഎസ് ഏര്‍പ്പെടുത്തുന്നത്. രണ്ടാം ഘട്ടത്തില്‍ പൊതുവാഹനങ്ങളിലും നിര്‍ബന്ധമാക്കും. അധ്യയന വർഷം തുടങ്ങിയാലും പരിശോധന തുടരാനാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം. നിയമം കാറ്റിൽ പറത്തി റോഡിൽ ഇറങ്ങുന്ന സ്കൂൾ വാഹനങ്ങളുടെ ഫിറ്റ് നെസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാലയങ്ങളിലേക്ക് ബാഗും തൂക്കി കുട്ടികൾ കൂട്ടമായി നടന്നു പോകുന്ന കാഴ്ച്ച ഇപ്പോൾ വിരളമാണ്. എൽകെജി മുതൽ വിദ്യാർത്ഥികളുടെ യാത്ര ഇപ്പോൾ വാഹനങ്ങളിലാണ്. രാവിലെ അണിയിച്ചൊരുക്കി കുട്ടിയെ വാഹനത്തിൽ കയറ്റി വിട്ടാൽ ഡ്രൈവർമാരുടെ കൈകളിലാണ് ഉത്തരവാദിത്വം. ഇത്തരം സാഹചര്യത്തിൽ പല സ്കൂൾ വാഹനങ്ങളും ഫിറ്റ്നസ് കുറവ് കൊണ്ട് മാത്രം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നുണ്ട്. കാലാവധി കഴിഞ്ഞ വാഹനങ്ങൾ മോടി കൂട്ടി ഓടുന്നതും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അവിടെയാണ് മോട്ടോർ വാഹന വകുപ്പ് മുൻകൂട്ടി കാര്യക്ഷമതാ പരിശോധന നടത്തുന്നത്. എല്ലാ സ്കൂൾ വാഹനങ്ങളിലും ജിപിഎസ് സംവിധാനം യാഥാർഥ്യമാകുന്നതോടെ അപകടങ്ങളെ വലിയ തോതിൽ ചെറുക്കാനാകും.
യാത്രയ്ക്കിടെ അപകടമുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുമെന്നതാണ് ജിപിഎസ് സംവിധാനത്തിന്‍റെ പ്രത്യേകത. ബസ് 40 ഡിഗ്രിയില്‍ കൂടുതല്‍ ചെരിഞ്ഞാല്‍ അപായസന്ദേശം പ്രവര്‍ത്തിക്കും. യാത്രയ്ക്കിടെ വിദ്യാര്‍ഥികൾക്ക് പോലീസ് സഹായം തേടാന്‍ ബസിനുള്ളിലെ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ബസിനുള്ളിലുണ്ടാകുന്ന അക്രമങ്ങള്‍ ഇതിലൂടെ നിയന്ത്രിക്കാന്‍ കഴിയും.
വേഗം കൂട്ടിയാലും ജിപിഎസ് വേര്‍പെടുത്തിയാലും ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും.
സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും വാഹനങ്ങള്‍ നിരീക്ഷിക്കാനുള്ള സൗകര്യവുമുണ്ടാകും. ഇതെല്ലാം ജിപിഎസ് പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ സാധ്യമാകുന്ന കാര്യങ്ങളാണ്.