കണ്ണൂർ: നിരോധനാജ്ഞ ലംഘിച്ച് തലശേരിയിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രകടനം. സംഭവത്തില്‍ മൂന്ന് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി ജില്ല പ്രസിഡന്‍റ് എൻ ഹരിദാസ്, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പി.എം.വി ശ്യാം മോഹൻ, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡൻ്റ് പ്രദീപ് ശ്രീലകം എന്നിവരെയാണ് തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
തലശേരി മേഖലയിൽ സംഘർഷ സാധ്യതയുള്ളതിനാൽ ജില്ല കലക്‌ടര്‍ ഈ മാസം ആറാം തിയതി വരെ തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് കൊണ്ടാണ് ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകർ പ്രകടനം നടത്തിയത്. കെ.ടി ജയകൃഷ്ണൻ അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് ഒരു മത വിഭാഗത്തിനെതിരെ ആർ.എസ്.എസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
പ്രകടനത്തില്‍ 300-നടുത്ത് പ്രവര്‍ത്തകര്‍
Police Station Thalassery: സംഘർഷ സാധ്യത ഉള്ളതിനാണ് ജില്ല കലക്‌ടര്‍ തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത് ലംഘിച്ച് തലശേരിയിൽ പ്രകടനം നടത്താൻ സംഘപരിവാർ സംഘടനകൾ ശ്രമിച്ചതാണ് സംഘർഷാവസ്ഥ സൃഷ്‌ടിച്ചത്. ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർ സംഘടിച്ച് പ്രതിഷേധ പ്രകടനത്തിന് ഇറങ്ങിയതോടെ പ്രകടനക്കാരെ പൊലീസ് തടഞ്ഞു.
തുടർന്ന്, 300 നടുത്ത് വരുന്ന ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രകടനം നടത്താൻ പാടില്ലെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു. ഇത് ലംഘിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് ശേഷം പിരിഞ്ഞ് പോവുകയായിരുന്ന സംഘപരിവാർ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘർഷ സാധ്യത ഉള്ളതിനാൽ പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.