കണ്ണൂർ: സമാധാനപരമായ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി കേന്ദ്രസേന തളിപ്പറമ്പിൽ റൂട്ട് മാര്‍ച്ച് നടത്തി. തളിപ്പറമ്പ് പൊലീസും കേന്ദ്ര സേനാംഗങ്ങളും ചേർന്നാണ് ഉച്ചയോടെ റൂട്ട് മാര്‍ച്ച് നടത്തിയത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ഹൈവേ, ദേശീയപാത, മന്ന, മാര്‍ക്കറ്റ് റോഡ് വഴി മാര്‍ച്ച് സ്റ്റേഷനില്‍ സമാപിച്ചു.
ഏപ്രില്‍ ആറിന് കേരളത്തില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായാണ് കേന്ദ്രസേന തളിപ്പറമ്പില്‍ എത്തിയത്. ഒഡീഷയിലെ 155-ാം ബറ്റാലിയന്‍ ബിഎസ്എഫിലെ 83 അംഗ സേനയാണ് ഇന്നലെ എത്തിയത്. സംഘത്തില്‍ ഒരു ഓഫീസറും നാല് എസ്‌ഐമാരുമാണ് ഉള്ളത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് സ്‌റ്റേഷനിലെ വനിത പൊലീസ് ഉള്‍പ്പെടെ 30 ഓളം പൊലീസുകാരും മാര്‍ച്ചില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ തളിപ്പറമ്പ് ഡിവിഷനിലെ മറ്റ് സ്റ്റേഷന്‍ പരിധികളിലും റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ഡിവൈഎസ്‌പി കെ.ഇ പ്രേമചന്ദ്രന്‍ പറഞ്ഞു.