കണ്ണൂർ: സിപിഎമ്മിന്‍റെ കോട്ടയാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി. ഭൂരിപക്ഷം സീറ്റുകളിലും സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ആന്തൂർ നഗരസഭയിലെ റോഡുകൾ പോലും ഇനി കൂടുതല്‍ ചുവപ്പാകും. ആദ്യ ഘട്ടമെന്ന നിലയില്‍ നഗരസഭയിലെ 40 റോഡുകൾക്ക് മൺമറഞ്ഞ സിപിഎം നേതാക്കളുടെ പേര് നല്‍കാൻ തീരുമാനം. നാൽപ്പതോളം റോഡുകളുടെ നാമകരണമാണ് ആന്തൂർ നഗരസഭ നടത്തിയത്. സ്വാതന്ത്ര്യ സമര സേനാനികൾ, മുഖ്യമന്ത്രിമാർ, എംഎൽഎമാർ, പ്രാദേശിക നേതാക്കൾ തുടങ്ങിയവരുടെ പേരുകളാണ് റോഡുകൾക്ക് നല്‍കിയത്.
ധർമ്മശാല - പട്ടിണിത്തറ റോഡിന് നൽകിയിട്ടുള്ളത് മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെ പേരാണ്. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി മൂസാൻ കുട്ടി മാസ്റ്ററുടെ പേരിലാണ് അയ്യങ്കോൽ- കണ്ണപ്പിലാവ് റോഡ് അറിയപ്പെടുക. തളിപ്പറമ്പ് നഗരസഭാ ചെയർമാനും സിപിഎം ഏരിയാ സെക്രട്ടറിയുമായിരുന്ന വാടി രവിയുടെ പേരാണ് കുഞ്ഞരയാൽ- കൂളിച്ചാൽ റോഡിന് നൽകിയിട്ടുള്ളത്. കമ്പിൽക്കടവ് - പറശിനി മടപ്പുര റോഡിന് ദീർഘകാലം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന പി വാസുദേവന്‍റെ പേരാണ് നൽകിയത്. 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾക്ക് നാമകരണം ചെയ്തതെന്ന് ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ പറഞ്ഞു. 2021-22 പദ്ധതിയില്‍ ഉൾപ്പെടുത്തി കൂടുതല്‍ റോഡുകൾക്ക് പേരിടാനും നഗരസഭ ആലോചിക്കുന്നു.