കണ്ണൂർ : ഇടവപ്പാതിക്ക് ശേഷം ഉഴുതുമറിച്ച് തയ്യാറാക്കിയ പാടത്ത് ഞാറ്റ് പാട്ടുയരും. പാട്ടിനൊപ്പം കർഷകർ ഞാറു നടാനിറങ്ങും. ചെളിയില്‍ പാട്ടിനൊപ്പം നടുന്ന ഞാറു വളരുന്നതും കള പറിക്കുന്നതും വളമിടുന്നതുമെല്ലാം മലയാളി സ്വന്തം ജീവിതത്തിന്‍റെ ഭാഗമാക്കിയ ഒറു കാലമുണ്ടായിരുന്നു. ആ കാലം പോയ് മറഞ്ഞു. ഇന്ന് ചെളിയിലിറങ്ങാനും ഞാറ് നടാനും മലയാളിയില്ല. അതോടെ നെല്‍പാടങ്ങളും അപ്രത്യക്ഷമായി. പക്ഷേ എവിടെയോ ശേഷിക്കുന്ന തുരുത്തുകളായി മാറിയ പാടത്ത് ഞാറ് നടാൻ ഇപ്പോൾ ആളുണ്ട്.
ഇത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ അറുമുഖനും കുടുംബവുമാണ്. കണ്ണൂർ ജില്ലയിലെ കണ്ണപുരം അയ്യോത്ത് പാടത്ത് ഞാറു നടുന്നത് മുതല്‍ എല്ലാത്തിനും ഇവരാണ്. ഇവർക്കൊപ്പം നിരവധി അതിഥി തൊഴിലാളികളാണ് കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരമ്പരാഗത രീതിയില്‍ നെല്‍ക്കൃഷി ചെയ്യുന്നത്. രാവിലെ ഏഴരയ്ക്ക് പാടത്തിറങ്ങുന്ന സംഘം വൈകിട്ടാണ് തിരികെ കയറുന്നത്. തരിശു നിലം അടക്കം കൃഷി യോഗ്യമാണ് വ്യത്യസ്തയിനം നെല്‍വിത്തുകൾ ഉപയോഗിച്ച് കൃഷി പുരോഗമിക്കുന്നത്. ഇവരോടൊപ്പം അപൂർവമായി തദ്ദേശീയരായ തൊഴിലാളികളും ജോലിക്കുണ്ട്.
'തൊഴില്‍ അതിഥികൾക്ക്': വിവിധ പാട ശേഖര സമിതികൾ കൃഷി ചെയ്യാൻ അതിഥി തൊഴിലാളികൾക്ക് കരാർ നൽക്കുകയാണ് പതിവ്. 120 ഏക്കറോളം വയലാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരം അയ്യോത്തു മാത്രം ഉള്ളത്. തദ്ദേശ കർഷകർ പതിയെ പതിയെ വയലുകൾ കൈവിട്ടു തുടങ്ങിയതോടെയാണ് അതിഥി തൊഴിലാളികൾ നെല്‍ക്കൃഷി ജോലികൾക്കായി എത്തിയത്.
വിത്തിറക്കി മൂന്നാഴ്ചത്തെ വളർച്ചയാണ് ഞാറിന് വേണ്ടത്. നാല് ഇലകൾ വരുമ്പോൾ തന്നെ നെല്ചെടികൾ പറിച്ചുനടണം എന്നതാണ് കണക്ക്. 10-20 ദിവസമാകുമ്പോഴേക്കും ഞാറിന് രണ്ടാമത്തെ വേര് വളരും. ആ വേരുകൾ വഴിയാണ് നെൽച്ചെടി പിന്നീട് വളരുന്നത്. രണ്ടാമത്തെ വേരുകൾ വളരും മുൻപ് പറിച്ചുനട്ടില്ലെങ്കിൽ വളർച്ചയെ തന്നെ ബാധിക്കും. സാധാരണ 120 ദിവസമാണ് നെല്ലിന്റെ വളർച്ച. പ്രായം കൂടിയ ഞാറ് നട്ടാൽ വളർച്ച മുരടിക്കും. ഉത്പാദനം കുറയുകയും ചെയ്യും.
വളർച്ച പിന്നിട്ട ഞാറ് പിഴുതെടുക്കാനും ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ അത്ര സൂക്ഷ്മമായി ചെയ്യേണ്ട കൃഷി രീതി കൂടി ആണ് നെല്ലിന്റേത്. ഇതെല്ലാം കണ്ടും കേട്ടും പഠിച്ച അതിഥി തൊഴിലാളികൾ ഇപ്പോൾ ഇക്കാര്യത്തില്‍ മികവ് തെളിയിച്ചു കഴിഞ്ഞു.
കണ്ണൂരിൽ താമസിക്കുന്ന ഇവർ കണ്ണൂർ, കാസർകോട് ജില്ലകളിലെ വയലുകളില്‍ ജോലിക്ക് പോകുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നല്ലാതെ ആന്ധ്ര, ബംഗാൾ, ഒഡിഷ, ആസം, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും കണ്ണൂരിൽ വയലുകൾ തേടി എത്താറുണ്ട്. ജില്ലയിലെ മയ്യിൽ, കുറ്റ്യാട്ടൂർ, കൂടാളി, കൊളച്ചേരി, നാറാത്ത്, ഏഴോം, പട്ടുവം, ചെറുതാഴം, കുറുമാത്തൂർ, കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചെറുകുന്ന്, കണ്ണപുരം, കരിവെള്ളൂർ, ചെറുതാഴം, ചെങ്ങളായി, അഴീക്കോട് ഗ്രാമപ്പഞ്ചായത്തുകളും ആന്തൂർ-മട്ടന്നൂർ നഗരസഭ പ്രദേശങ്ങളുമാണ് ജില്ലയിലെ പ്രധാന നെല്ലുത്പാദന മേഖലകൾ. അതിഥി തൊഴിലാളികൾ എത്തിയതോടെ ജില്ലയിലെ നെൽകൃഷിയും വ്യാപകമായി.