കണ്ണൂർ: ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി മന്ത്രി ഇ പി ജയരാജൻ ദേശീയ പതാക ഉയർത്തി. പൊലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ദേശീയതയെ ശക്തിപ്പെടുത്താൻ കർഷക ജനതയുടെ വികാരം മനസിലാക്കാനുള്ള ശ്രമം ഉണ്ടാവണമെന്ന് ഇ പി ജയരാജന്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നതെന്നും കർഷകരുടെ താല്‍പര്യം കേൾക്കാതെയാണ് പുതിയ കാർഷിക നയം നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപരീത സാഹചര്യത്തിൽ മികവുറ്റ ബദൽ മാതൃകയാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും ബിസിനസ് അനുകൂല സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. വർഗീയ ദ്രുവീകരണത്തിനും ഫാസിസത്തിനും എതിരായ പോരാട്ടത്തിന് അണിനിരക്കേണ്ട സാഹചര്യമാണിത്. കൊവിഡ് ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അതിനെ നേരിടാനുള്ള ആത്മവിശ്വാസം സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടന്നുവെന്നും അതിനെ അതിജീവിച്ചാണ് നാം മുന്നോട്ട് പോയതെന്നും റിപ്പബ്ലിക്ക് ദിന പ്രസംഗത്തിൽ മന്ത്രി കൂട്ടിച്ചേര്‍ത്തു.