കണ്ണൂർ: വായനാ ദിനം വേറിട്ട പരിപാടികളോടെ ആചരിച്ച് തളിപ്പറമ്പ് സിഎച്ച്എം സ്‌കൂൾ. മൂന്ന് വർഷത്തോളമായി സ്‌കൂളിലെ വിദ്യാർഥികൾ നടത്തിവരുന്ന അമ്മ വായന കുഞ്ഞുവായന പദ്ധതിയുടെ ഭാഗമായുള്ള ഹോം ലൈബ്രറി ഉദ്ഘാടനത്തോടെയാണ് സ്‌കൂളിന്‍റെ വായനാ വാരാചരണ ക്യാമ്പെയിന് തുടക്കം കുറിച്ചത്.
സിഎച്ച്എം സ്‌കൂൾ വിദ്യാർഥികളായ ഇംദാദ്, ഷാദ്, ശിബിൽ എന്നിവരുടെ വീട്ടിലാണ് ഹോം ലൈബ്രറി ഒരുക്കിയത്. പുല്ലാഞ്ഞിയോട് സ്‌കൂളിലെ അധ്യാപകനായ അബൂബക്കർ റഷീദിന്‍റെ മക്കളാണ് ഇവർ. ചൊറുക്കളയിലെ വീട്ടിൽ ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം തളിപ്പറമ്പ് നോർത്ത് ഉപജില്ലാ എഇഒ മുസ്തഫ പുളുക്കൂൽ നിർവ്വഹിച്ചു. സ്നേഹവും, സൗഹൃദവും നന്മയും തിരിച്ചറിയാൻ ഉതകുന്ന വ്യക്തി വായനക്കാവണം നമ്മൾ പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അയൽവാസികളായ കുട്ടികൾക്കും വിരുന്നു വരുന്ന കുട്ടികൾക്കും ഇവിടെ വായനാ സൗകര്യം ഒരുക്കുന്നുണ്ട്. വായിച്ചതിന് ശേഷം പുസ്‌തകം തിരികെ കൊണ്ടു വരുമെന്ന് ഉറപ്പു നൽകുന്നവർക്ക് ഇവിടെ നിന്ന് പുസ്തകം കൊണ്ടുപോകാൻ അനുവദിക്കും. തുടക്കത്തിൽ 400 പുസ്‌തകങ്ങളാണ് വായനക്കായി ഒരുക്കിയിട്ടുള്ളത്. പക്ഷിമൃഗങ്ങളെ കുറിച്ചുള്ള സിഡികളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. ആരെയും ആകർഷിക്കുന്ന തരത്തിൽ പെയിന്‍റിങ് ഉൾപ്പെടെ നടത്തിയാണ് ലൈബ്രറി തയ്യാറാക്കിയത്. സ്‌കൂൾ പ്രധാനാധ്യാപകൻ കെ മുസ്തഫ, പിടിഎ അംഗം ഹബീബ് തങ്ങൾ, അധ്യാപകരായ കെ ടി അഷ്‌റഫ് അലി, കെ ഇയാസ്, എ പി സജ്ജാദ് എന്നിവർ കുട്ടികളുമായി സംവദിച്ചു.