കണ്ണൂർ: ചറപറാ പെയ്യുന്ന മഴയിൽ ആടിത്തിമിർക്കാൻ മഴ ഉത്സവം. മണ്ണിനെയും മഴയെയും സ്നേഹിക്കുന്ന ഒരു നാടിന്‍റെ കൂട്ടായ്‌മയായി പിണറായി വെസ്‌റ്റ് സി.മാധവൻ സ്‌മാരക വായനശാല സംഘടിപ്പിച്ച മഴ മഹോത്സവം മാറി. എല്ലാ പ്രായത്തിലുള്ളവരും ചെളിയിൽ ആർത്തുല്ലസിക്കുന്ന അപൂർവമായ ഒരു കാഴ്‌ചയായിരുന്നു.
പിണറായി വെസ്റ്റ് വയലിൽ നടന്ന മഴ മഹോത്സവം കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ ആദ്യത്തെ ചെത്തുകാരിയും കൈരളി സ്‌ത്രീശക്തി അവാർഡ് ജേതാവുമായ ഷീജ കണ്ണവം, ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം സുധാ അഴീക്കോടൻ, നാടൻപാട്ട് കലാകാരൻ അഖിൽ ചിത്രൻ, സംസ്ഥാന നാടക അവാർഡ് ജേതാവ് രജനിമേലൂർ, പാരമ്പര്യ കർഷകൻ എംസി രാഘവൻ എന്നിവർ വിശിഷ്‌ടാതിഥികളായി പങ്കെടുത്തു.
ഉദ്ഘാടനത്തിനുശേഷം രാഘവൻ വിസിൽ മുഴക്കിയതോടെ കുട്ടികളും മുതിർന്നവരും ആവേശത്തോടെ ചെളിക്കണ്ടത്തിൽ ഇറങ്ങി. തുടർന്ന് ഓട്ട മത്സരം, കസേരകളി, സ്‌ത്രീകൾക്കും പുരുഷന്മാർക്കും വടംവലി മത്സരം, ഫുട്ബോൾ മത്സരം എന്നിവ അരങ്ങേറി. കെ ശാന്തയും സംഘവും അവതരിപ്പിച്ച നാട്ടിപാട്ടും അഖിൽ ചിത്രൻ, അനിൽകുമാർ വടക്കുമ്പാട്, ചന്ദ്രൻ പിണറായി എന്നിവരുടെ നാടൻപാട്ടും കാണികൾക്ക് ആവേശമായി. കെ.പി.രാമകൃഷ്‌ണൻ മാസ്‌റ്റർ മഴപ്പാട്ടുകൾ അവതരിപ്പിച്ചു.