കണ്ണൂര്‍ : തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ഒന്നാം വർഷ വിദ്യാർഥി Ragging ന് ഇരയായ സംഭവത്തിൽ മൂന്ന് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് വേണ്ടി അഞ്ചംഗ അന്വേഷണ കമ്മിഷനെ കോളജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടികൾ അടക്കം ഒരു സംഘം പ്രതികള്‍ ഒളിവിലാണ്. 12 പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് ബിരുദ വിദ്യാർഥി ഷഹ്സാദ് മുബാറക്ക് കോളജിൽ റാഗിംഗിന് ഇരയായത്.
സീനിയർ വിദ്യാർഥിയായ മുഹമ്മദ് നിദാലിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികൾ ബാത്‌റൂമിലും പുറത്തുംവച്ച് മർദിച്ചെന്നാണ് പരാതി. മുഖത്തും ശരീരഭാഗങ്ങളിലും പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് പ്രിൻസിപ്പലിന്‍റെ പരാതിയിൽ നാല് സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Also Read: Kerala Rain Update: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; 9 ജില്ലകളിൽ യെല്ലോ അലർട്ട്
റാഗിങിന് നേതൃത്വം നൽകിയ മുഹമ്മദ് നിദാലനെ, കോളജ് അധികൃതർ പ്രാഥമിക അന്വേഷണം നടത്തി സസ്പെന്‍ഡ് ചെയ്തിരുന്നു. കോളജിൽ നടന്ന കൗൺസിൽ യോഗത്തിന്‍റെ അടിസ്ഥാനത്തിൽ, അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് ആഷിഖ്, റിസ്‌നാന്‍ റഫീഖ്, മുഹമ്മദ് സീഷാൻ എന്നിവരെയും സസ്പെന്‍ഡ് ചെയ്യാൻ തീരുമാനമായി.
അറസ്റ്റിലായ പ്രതികൾക്ക് തളിപ്പറമ്പ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾ മുഴുവൻ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പൊലീസ് പ്രതി ചേർത്ത മറ്റുള്ളവരെയും സസ്പെന്‍ഡ് ചെയ്യുമെന്ന് കോളജ് അധികൃതർ അറിയിച്ചു.