കണ്ണൂര്‍ : തളിപ്പറമ്പ് തൃച്ചംബരം കാഞ്ഞിരങ്ങാട് ദേവസ്വം ട്രസ്റ്റ് ബോർഡിൽ നിന്ന് ദളിതരെ തഴയുന്നതായി പരാതി. ഇടതുസർക്കാർ അധികാരത്തിൽ വന്നത് മുതൽ ടി.ടി.കെ ദേവസ്വം ഭരണസമിതി നിയമനത്തിൽ ദളിതരെ അവഗണിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച്, കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പട്ടുവം പുലയ സമുദായ സംഘം.
ടി.ടി.കെ ദേവസ്വം ഭരണസമിതിയിലേക്ക് വരുന്ന ഒഴിവിലേക്ക് ദളിത് നിയമനം പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് പത്ര പരസ്യം നൽകിയപ്പോഴും അപേക്ഷ ക്ഷണിച്ചപ്പോഴും ദളിതനെന്ന രേഖ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പുതിയ നിയമന പട്ടിക പുറത്തുവന്നപ്പോൾ ഒരു ദളിതനെ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
'രണ്ട് നിയമനങ്ങളിലും തഴഞ്ഞു'
ദേവസ്വം ബോർഡിൽ കാലങ്ങളായി നിയമിക്കപ്പെടുന്ന സർക്കാർ നോമിനികളിൽ ദളിത് പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാൽ 2016 ൽ ഇടതുമുന്നണി അധികാരത്തിൽ വന്നതിന് ശേഷം രണ്ട് പ്രാവശ്യം നടത്തിയ നിയമനങ്ങളിലും ദളിതരെ ഒഴിവാക്കുകയാണ് ചെയ്‌തതെന്ന് സംഘടന ഭാരവാഹികൾ വിശദീകരിക്കുന്നു.
സർക്കാരിന്‍റെ ഈ അവഗണനക്കെതിരെ നിയമ നടപടിയ്‌ക്കായി കോടതിയെ സമീപിക്കാനാണ് പട്ടുവം പുലയ സമുദായ സംഘം ഭാരവാഹികളുടെ തീരുമാനം. സംഘടനയുടെ ജോ.സെക്രട്ടറി കൂടിയായ ടി.രമേശൻ നൽകിയ അപേക്ഷയുൾപ്പെടെ അവഗണിച്ചതായും ഇവർ വ്യക്തമാക്കുന്നു. ഇതിനെതിരെ പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
ALSO READ : യേശുദാസന്‍റെ സംസ്‌കാരം വ്യാഴാഴ്‌ച ; വിടവാങ്ങിയത് മലയാള പത്രചരിത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റ്