കണ്ണൂർ: പൊയിലൂർ വെങ്ങാത്തോട് കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 13 വർഷം മുൻപ് അടച്ചു പൂട്ടിയ ക്വാറി തുറന്ന് പ്രവർത്തിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ആറുവരെ പൊയിലൂരിൽ ഹർത്താലിന് അഹ്വാനം ചെയ്‌തു.
ചെറുവാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ക്വാറി പ്രവർത്തനം തുടങ്ങാനിരിക്കുകയായിരുന്നു. ഇതു മനസിലാക്കിയാണ് നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.സത്യപ്രകാശ് സമരം ഉദ്ഘാടനം ചെയ്‌തു. ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് സംരക്ഷണത്തോടെ ടിപ്പർ ലോറിയിൽ തൊഴിലാളികളെത്തിയത്. സമരപന്തലിന് മുന്നിൽ ടിപ്പർ ലോറി പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പടെയുള്ളവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ബലപ്രയോഗത്തിനിടയിൽ ശരീരിക അസ്വസ്ഥത അനുഭവപ്പെട്ട കരുവച്ചാൽ രവീന്ദ്രനെ കുന്നോത്ത്പറമ്പ് പി.ആർ.സ്‌മാരക സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പൂട്ടി കിടക്കുന്ന ക്വാറിക്ക് അനുകൂലമായി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി ലഭിച്ചത്.