കണ്ണൂർ: കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി പ്രസവിച്ചു. കാസര്‍കോട് സ്വദേശിയായ യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരുകയാണ്.
അതീവ സുരക്ഷയിലാണ് പ്രസവ ശുശ്രൂഷകൾ നടന്നത്. പ്രത്യേകം തയ്യാറാക്കിയ ഐസിയുവിൽ സുരക്ഷ വസ്ത്രങ്ങൾ ധരിച്ച് രാവിലെ 11 മണിയോടെ ഡോക്‌ടർമാരെത്തി. തുടർന്ന് സിസേറിയനിലൂടെ ഉച്ചക്ക് 12.20ന് മൂന്ന് കിലോ തൂക്കമുളള കുഞ്ഞിന് യുവതി ജന്മം നൽകി. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അജിത്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തിലെ ഡോകടർമാർ, അനസ്‌തേഷ്യ വിഭാഗത്തിലെ മേധാവി ഡോ. ചാൾസ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവരാണ് ഉദ്യമത്തിൽ ഉണ്ടായിരുന്നത്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
രോഗം ബാധിച്ച രണ്ട് ഗർഭിണികൾ കൂടി കൊവിഡ് വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. വൈറസ് ബാധിച്ച രണ്ട് ഗർഭിണികൾ അസുഖം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.