കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചത്. 42കാരനായ ഇദ്ദേഹം വയനാട്ടിലെ ഒരു പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. കണ്ണൂർ കേളകം സ്വദേശിയാണ് ഇദ്ദേഹം. ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗബാധയുണ്ടായത്. ഈ ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടായിരുന്ന വ്യക്തി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
ജില്ലയില്‍ 618 പേർ സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്‍ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 191 പേര്‍ പ്രവാസികളും 427 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ ആശുപത്രിയിൽ നിരീക്ഷണത്തിലുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തിയവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് വ്യവസ്ഥ. പ്രായമുള്ളവര്‍, കുട്ടികള്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയാം. പ്രവാസികളായ 135 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 1275 പേരും ഉള്‍പ്പെടെ ആകെ 1410 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
ഹോട്ടലുകളിലും ലോഡ്‌ജുകളിലുമായാണ് തിരികെയെത്തിയ പ്രവാസികള്‍ നിരീക്ഷണത്തിലുള്ളത്. കൊവിഡ് കെയര്‍ സെന്‍ററില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്‌ത് നല്‍കുന്നത് അതത് തദ്ദേശസ്ഥാപനങ്ങളാണ്. പൊലീസിന്‍റെ നിരീക്ഷണവും ശക്തമാണ്.