കണ്ണൂർ: പത്ത് മാസക്കാലമായി അടച്ചുപൂട്ടിയ പരിയാരം ഗവ.മെഡി.കോളജിലെ പൊലീസ് എയ്‌ഡ് പോസ്റ്റ് തുറന്നു. ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ നിവേദനത്തിൻ മേലാണ് നടപടി. എയ്‌ഡ് പോസ്റ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിയാരത്തെ മാധ്യമപ്രവർത്തകനായ ടി വി പത്മനാഭന്‍ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പരിയാരം മെഡി.കോളജിലെ പൊലീസ് എയ്‌ഡ് പോസ്റ്റ് തുറന്നത്.
കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ കഴിഞ്ഞ മാര്‍ച്ച് മാസം ആണ് എയ്‌ഡ് പോസ്റ്റ് അടച്ചത്. 10 മാസം കഴിഞ്ഞിട്ടും തുറക്കാത്തത് കാരണം രോഗികളും ആശുപത്രി അധികൃതരും ഒരുപോലെ ബുദ്ധിമുട്ടുകയായിരുന്നു. കണ്ണൂര്‍-കാസര്‍കോട് -വയനാട് ജില്ലകളില്‍ നിന്ന് നിരവധി മെഡിക്കോ ലീഗല്‍ കേസുകള്‍ മെഡിക്കല്‍ കോളജില്‍ എത്തുന്നുണ്ട്. എന്നാൽ എയ്‌ഡ് പോസ്റ്റ് തുറക്കാത്തതിനാൽ മാധ്യമ പ്രവര്‍ത്തകരും വിവരങ്ങൾ ലഭിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. ഇതിനൊക്കെ പരിഹാരമായിരിക്കുകയാണിപ്പോൾ.