കണ്ണൂർ: ഇരിട്ടി പുന്നക്കുണ്ടിലെ പന്നിഫാമുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിൽ ചികിത്സയിലായിരുന്നയാളെ ആശുപത്രിയില്‍ വച്ച് മർദ്ദിച്ച സംഭവത്തിൽ നാലു പേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ജസ്റ്റിൻ, സണ്ണി, സിനി, ബിനോയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മർദ്ദനമേറ്റ വാണിയപ്പാറ സ്വദേശി ജെയിസ് കുന്നപ്പള്ളി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അയ്യങ്കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ പുന്നക്കുണ്ടിലുള്ള പന്നിഫാമുമായി ബന്ധപ്പെട്ട് നാട്ടുകാരും പന്നിഫാം ഉടമകളും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇരു ഭാഗത്തു നിന്നും പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇതിനിടെ ആശുപത്രിയിൽ എത്തിയ ഒരു സംഘം ജയിംസ് കുന്നപ്പള്ളിയെ മര്‍ദ്ദിക്കുകയായിരുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ പ്രവർത്തിച്ചിരുന്ന പന്നിഫാം അടച്ചുപൂട്ടാൻ അയ്യൻകുന്ന് പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് ഫാമിലെ പന്നികളെ കൂട്ടത്തോടെ പുന്നക്കുണ്ടിലെ ഫാമിലേക്ക് ഉടമ മാറ്റുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് നാട്ടുകാർ ഒത്തുകൂടിയതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. കാൽനടയാത്ര പോലും ദുഷ്കരമാകുന്ന വിധം പന്നി വിസർജ്യമടക്കമുള്ള മാലിന്യങ്ങൾ റോഡിലടക്കം പെരുകിയിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.