കണ്ണൂർ: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയി ദർശനത്തിനായി വിശ്വാസികൾ എത്തി തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രങ്ങൾക്ക് വിധേയമായി മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര വിശ്വാസികൾക്ക് തുറന്നുകൊടുത്തത്. ഞായറാഴ്ച മുതലാണ് ക്ഷേത്രം തുറന്നത്. മടപ്പുര കവാടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാണ് ഭക്തജനങ്ങളെ അകത്തേക്കു കടത്തിവിടുന്നത്. സാനിറ്റൈസറുകൾ ഉപയോഗിച്ച് കൈ ശുദ്ധമാക്കിയും ശരീരോഷ്മാവ് പരിശോധിച്ചും വ്യക്തിവിവരങ്ങൾ ശേഖരിച്ചുമാണ് ദർശനം.
ശ്രീകോവിലിന് മുന്നിൽ ഒരേ സമയം 10 പേർക്ക് മാത്രമാണ് പ്രവേശനം. വഴിപാടുകൾ റസീറ്റാക്കാമെങ്കിലും പ്രസാദം നൽകില്ല. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം എഴ് മണിവരെയാണ് ദർശന സൗകര്യം ഒരുക്കിയിട്ടുള്ളത്. അന്നദാനം, ചോറൂൺ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന കടകളും ഘട്ടം ഘട്ടമായി തുറക്കാനുള്ള ശ്രമം കച്ചവടക്ഷേമസംഘവും തുടങ്ങിയിട്ടുണ്ട്. വിവരങ്ങൾക്ക് 04972780722 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് മടപ്പുര മാനേജിങ് ട്രസ്റ്റി അറിയിച്ചു. കേന്ദ്രസർക്കാർ ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി നൽകിയിരുന്നെങ്കിലും കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റി വെക്കുകയായിരുന്നു.