കണ്ണൂർ: പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള പാർട്ടി ഫണ്ടുകളിലെ തിരിമറി വിഷയത്തിൽ ജാഗ്രത കുറവുണ്ടായതിന്‍റെ പേരിൽ ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ ടിഐ മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുത്തു. നിലവിലെ ജില്ലാകമ്മിറ്റി അംഗം ആയ പി സന്തോഷ് കുമാറിനെ ഏരിയ സെക്രട്ടറിയാക്കി നിയമിച്ചു. മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്‌ണനെ ജില്ല കമ്മിറ്റിയിലേക്കും ഉൾപ്പെടുത്തി.
സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിയെ ഏറെ പിടിച്ചു കുലുക്കിയ സംഭവം ആയിരുന്നു രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള പാർട്ടി ഫണ്ടുകളിലെ തിരിമറി. ഫണ്ട് തിരിമറി ആക്ഷേപങ്ങളെയും വിവാദങ്ങളെയും തുടർന്ന് കഴിഞ്ഞ ജൂണിൽ ആറ് പേർക്കെതിരെയാണ് സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി നടപടിയെടുത്തത്. ഫണ്ട് തിരിമറിയിൽ ആക്ഷേപം നേരിട്ടവർക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം തിരിമറി സംബന്ധിച്ചു പരാതി നൽകിയ ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്‌ണനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് സംസ്ഥാന കമ്മിറ്റിയംഗമായ ടിവി രാജേഷിന് ഏരിയ സെക്രട്ടറി സ്ഥാനം താത്കാലികമായി നൽകുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് മാസങ്ങളോളം ഏരിയ കമ്മിറ്റി യോഗങ്ങളിൽ നിന്ന് വി കുഞ്ഞികൃഷ്‌ണൻ വിട്ടു നിന്നു. ഇത് വലിയ ചർച്ചയായി.
ഒടുവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇടപെട്ട ശേഷമാണ് ഇക്കൊല്ലം ഫെബ്രുവരിയിൽ കുഞ്ഞികൃഷ്‌ണൻ വീണ്ടും പാർട്ടി കമ്മിറ്റികളിൽ സജീവമായത്. ഏറെ നാൾ നീണ്ടു നിന്ന ചർച്ചകൾക്കും ഒത്തു തീർപ്പുകൾക്കും ഒടുവിലാണ് പയ്യന്നൂരിലെ വിഭാഗീയതയിൽ നിർണായകമായ തീരുമാനം ഉണ്ടായത്.
സമവായ ഫോമുല എന്ന നിലയിൽ ആണ് എംവി ഗോവിന്ദൻ മാസ്‌റ്ററുടെ സാന്നിധ്യത്തിൽ ചേർന്ന കണ്ണൂർ ജില്ല സെക്രട്ടേറിയറ്റും ജില്ല കമ്മിറ്റി യോഗവും തീരുമാനം കൈകൊണ്ടത്. ഉച്ചയ്ക്ക് ശേഷം നടന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലും ഏരിയകളിലെ ബ്രാഞ്ച് സെക്രട്ടറിമാരുടെയും ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലും പുതിയ തീരുമാനം പ്രവർത്തകരെ അറിയിക്കുകയായിരുന്നു. പയ്യന്നൂർ സിപിഎമ്മിൽ ഒരു പ്രശ്‌നവുമില്ലെന്ന് യോഗ ശേഷം എം വി ഗോവിന്ദൻ പറഞ്ഞു.