കണ്ണൂർ: പ്രശസ്‌ത ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച ശില്‍പങ്ങള്‍ നേരിടുന്നത് വന്‍ അവഗണന. കണ്ണൂർ പയ്യാമ്പലം പാർക്കിലുള്ള ശിൽപങ്ങളായ മണ്ണിൽ തീർത്ത അമ്മയും കുഞ്ഞും, തെയ്യം ശിൽപ സമുച്ചയം, റിലാക്‌സ് എന്നിവ കാടുകയറിയ നിലയിലാണ്. പാർക്കിൻ്റെ വികസനമെന്ന പേരിൽ നിരന്തരമായ അവഗണനയാണ് കലാനിര്‍മിതികള്‍ നേരിടുന്നത്.
'മണ്ണമ്മ' എന്ന് കാനായി കുഞ്ഞിരാമന്‍ പേരിട്ടുവിളിച്ച അമ്മയും കുഞ്ഞും ശിൽപം മൺകൂനയ്‌ക്ക് സമാനമായിത്തീര്‍ന്നു. കിടന്ന് മുലയൂട്ടുന്ന അമ്മയയും കുഞ്ഞുമാണ് രൂപം. ഇതിന് തൊട്ടടുത്താണ് പാർക്കിലെ ഉപയോഗശൂന്യമായ ഫൈബർ കളിയുപകരണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. പാർക്കിലേക്ക് കയറി വരുന്നവരെ മുന്‍പ് സ്വീകരിച്ചിരുന്നത് തെയ്യം ശില്‍പ സമുച്ചയമായിരുന്നു. എന്നാൽ, അതിനെ മറച്ചാണ് പുതിയ കെട്ടിടം പണിതത്.
കമിതാക്കൾ കടലിനഭിമുഖമായി കിടക്കുന്ന രീതിയിലുള്ള റിലാക്‌സ് എന്ന ശിൽപത്തോട് ചേർന്നാണ് അഡ്വഞ്ചർ പാർക്കിനുള്ള ഇരുമ്പ് ടവർ നിർമിച്ചത്. ശിൽപത്തിന് മുകളിൽ കോൺക്രീറ്റ് അവശിഷ്‌ടങ്ങള്‍ അടിഞ്ഞതിനാല്‍ ഭംഗി നഷ്‌ടപ്പെട്ട നിലയിലാണ്. ഇവയെ മാറ്റിനിർത്തിയാണ് പാർക്കിലെ ഇരിപ്പിടങ്ങൾ പോലും ഒരുക്കിയത്. കാനായി കുഞ്ഞിരാമൻ്റെ ശിൽപങ്ങളോടുള്ള അവഗണനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് കലാ -സാംസ്‌കാരിക രംഗത്ത് നിന്നും ഉയർന്നുവരുന്നത്.
കലാകാരൻമാരുടെ കൂട്ടായ്‌മ, ശിൽപത്തിന് ചുറ്റും രക്ഷാകവചം തീർത്തു. കാനായിയെ പോലുള്ള പ്രതിഭയുടെ ശിൽപം അവഗണന നേരിടുന്നത് സാംസ്‌കാരിക സമൂഹത്തിന് വേദനയാണെന്ന് ശില്‍പകല നിരൂപകന്‍ ഇ.ടി മോഹൻ രാജ് പറയുന്നു. എന്നാൽ, മഴക്കാലത്ത് നവീകരണം നടത്താനാകില്ലെന്നും മഴ കഴിഞ്ഞ ഉടൻ നവീകരണം നടത്തുമെന്നുമാണ് ഡി.ടി.പി.സിയുടെ നിലപാട്.