കണ്ണൂർ: നായ പ്രേമികളിൽ ആശങ്കയുണർത്തി നായ്ക്കളിൽ പാർവോ വൈറസ് രോഗം വ്യാപകമാകുന്നു. ഈ രോഗം ബാധിച്ച് നിരവധി നായ്ക്കളാണ് അടുത്തിടെ മരിച്ചത്. വളരെ വേഗം പടരുന്ന ഒരു രോഗം കൂടിയാണിത്.
രോഗം ബാധിച്ചാൽ പിന്നെ ചികിത്സ ഇല്ല എന്നതാണ് വിഷമകരമായ കാര്യം. രോഗം ബാധിച്ച നായ ഒന്നോ രണ്ടോ ആഴ്‌ചയ്ക്കുള്ളിൽ മരണമടയും. ഭക്ഷണം കഴിക്കുന്നതിൽ വിരക്തി, ശരീരം എക്കിട്ട (എക്കിൾ) ഇടുന്നതു പോലെയുള്ള ചലനം, തളർച്ച എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.
വായുമാർഗമാണ് രോഗം പടരുന്നതെന്നും പ്രതിരോധ കുത്തിവയ്‌പ്പ് ലഭ്യമാണെന്നും മൃഗ ഡോക്‌ടർമാർ പറയുന്നു. അഞ്ചി കിലോമീറ്റർ വരെ വായുമാർഗേണ ഈ രോഗാണു പടരാൻ സാധ്യതയുണ്ട്. പ്രായം കുറഞ്ഞ നായക്കുട്ടികളെയാണ് ഏറ്റവും എളുപ്പം ബാധിക്കുക. മുൻകരുതലെടുക്കുക എന്നതു മാത്രമാണ് ഏക പോംവഴി.