കണ്ണൂർ: നാടാകെ ഓണാഘോഷത്തിന്‍റെ ആഹ്ളാദത്തിൽ അധ്യാപക ദിനം ആചരിക്കുമ്പോൾ പരിയാരം ഗവൺമെന്‍റ് മെഡിക്കൽ കോളജ് പബ്ലിക് സ്‌കൂളിലെ അധ്യാപകർക്ക് ഇത്തവണയും നിരാശ തന്നെ. സർക്കാർ ഏറ്റെടുത്തതിനു ശേഷം പരിയാരം പബ്ലിക് സ്‌കൂളിലെ 18 അധ്യാപകർക്കും മറ്റു രണ്ട് ജീവനക്കാർക്കും ശമ്പളം ലഭിച്ചില്ല.
എൽകെജി മുതൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂളിൽ 800 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ ചട്ടങ്ങൾക്കനുസൃതമായ യോഗ്യതയുള്ള 18 അധ്യാപകരും രണ്ട് അനധ്യാപകരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. സ്‌കൂൾ സർക്കാർ ഏറ്റെടുത്തതോടെ സർക്കാർ ജീവനക്കാരായ ഇവർക്ക് മൂന്ന് വർഷമായിട്ടും ശമ്പളമില്ല. 2021 ഒക്ടോബറിൽ ശമ്പളം നൽകണമെന്ന് കോടതി ഉത്തരവിട്ടതിനെ തുടർന്ന് ഇവരെ ദിവസവേതനക്കാരായി കണക്കാക്കി 9 മാസത്തെ വേതനം മാത്രമാണ് മൂന്ന് വർഷത്തിനിടയിൽ നൽകിയത്.
കൃത്യമായി ശമ്പളം അനുവദിക്കാത്തതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഈ അധ്യാപകർ. സർക്കാർ ഏറ്റെടുക്കുന്നത് വരെ മെഡിക്കൽ കോളജ് മാനേജ്മെന്‍റ് നിശ്ചയിച്ച കാറ്റഗറി പ്രകാരം പ്രതിമാസ ശമ്പളം നൽകി വരികയായിരുന്നു. മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതോടെ സ്‌കൂളിന്‍റ് ഭരണനിർവഹണം വിദ്യാഭ്യാസ വകുപ്പിന് കൈമാറിയെങ്കിലും ശമ്പളവും ആനുകൂല്യവും നൽകാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.