കണ്ണൂർ : കണ്ണൂർ സർവകലാശാലയ്‌ക്ക് കീഴിലെ പാരലൽ കോളജുകൾ സമര പാതയിൽ. സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ നിഷേധത്തിനെതിരെയാണ് പ്രതിഷേധം. പ്രൈവറ്റ് രജിസ്ട്രേഷന് വേണ്ടിയുള്ള വിജ്ഞാപനം സർവകലാശാല മൂന്ന് ദിവസംകൊണ്ട് പിൻവലിച്ചതാണ് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നത്.
വിദ്യാർഥികളുടെ ഭാവി ത്രിശങ്കുവിൽ: സർക്കാർ ഉത്തരവിലെ അവ്യക്തതയുടെ പേരിലാണ് സർവകലാശാല ഇപ്പോൾ ഒഴിഞ്ഞുമാറുന്നത്. മറ്റ് സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ സമയം കഴിഞ്ഞതിനാൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ 50,000ന് അടുത്ത് വിദ്യാർഥികളും രക്ഷിതാക്കളും പാരലൽ കോളജ് അധ്യാപകരും ഇതോടെ കടുത്ത ആശങ്കയിലാണ്. മൂന്ന് ജില്ലകളിലെ ഇക്കൊല്ലം രജിസ്റ്റർ ചെയ്യേണ്ട പതിനായിരത്തോളം വിദ്യാർഥികളുടെ ഭാവിയാണ് ത്രിശങ്കുവിലായിരിക്കുന്നത്.
അതേസമയം യുജി പ്രോഗ്രാമുകളിലെ രണ്ടും മൂന്നും വർഷം വിദ്യാർഥികൾക്കും, പിജി പ്രോഗ്രാമുകളിലെ രണ്ടാം വർഷ വിദ്യാർഥികൾക്കും പ്രശ്‌നമില്ല. സർവകലാശാലയും വിദ്യാഭ്യാസ വകുപ്പും തന്നെയാണ് നിലവിലെ സ്ഥിതിക്ക് ഉത്തരവാദികളെന്നും പരാതിയുണ്ട്. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഇക്കൊല്ലം പ്രവേശനം നടക്കുന്നതിനാൽ മറ്റു സർവകലാശാലകൾ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ വഴി വിദ്യാർഥികളെ പ്രവേശിപ്പിക്കരുതെന്ന് കഴിഞ്ഞ ജൂണിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു.
'നഷ്‌ടം ആര് നികത്തും?': ഇതോടെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഓപ്പൺ സർവകലാശാലയിൽ ഇല്ലാത്ത കോഴ്‌സുകളിലേക്ക് മറ്റു സർവകലാശാലകളിൽ വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തുടർന്ന് കണ്ണൂർ സർവകലാശാല ഒക്ടോബർ 12ന് പ്രവേശന വിജ്ഞാപനം ഇറക്കി. നവംബർ ഒന്നിനും 15നും ഇടയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാനായിരുന്നു നിർദേശം.
ഇത്തരത്തിൽ വിജ്ഞാപനം ഇറക്കിയും സർക്കാർ ഉത്തരവും സിൻഡിക്കേറ്റ് തീരുമാനവും ഒക്കെ അറിയിപ്പായി നൽകിയും കണ്ണൂർ സർവകലാശാല വിദ്യാർഥികൾക്ക് പ്രതീക്ഷ നൽകിയത് എന്തിനെന്നാണ് പാരലൽ കോളജുകാരുടെ ചോദ്യം. കേരള എംജി, കാലിക്കറ്റ് സർവകലാശാലകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചു. പാരൽ കോളജുകൾ ഇതിനകം ആദ്യ സെമസ്റ്റർ അധ്യാപനം പൂർത്തിയാക്കുകയും ചെയ്‌തു. വിദ്യാർഥികളുടെ നഷ്‌ടം ആര് നികത്തുമെന്നും ഇവർ ചോദിക്കുന്നു.