കണ്ണൂർ: സ്വാതന്ത്ര്യം ലഭിച്ചിട്ട് 76-ാം ആണ്ടിലേക്ക് കടക്കുമ്പോള്‍ വടക്കേ മലബാറിനുമുണ്ട് ഓർത്തെടുക്കാൻ നിരവധി സമര ചരിത്രങ്ങൾ. ജന്മി നാടുവാഴിത്തത്തിനും ജാതിവിവേചനത്തിനും എതിരെ പൊരുതിയ വീര കഥകൾ. അത്തരത്തിൽ അയിത്തത്തിനെതിരെ നടന്ന പന്തിഭോജനത്തിന്‍റെ ഓർമകൾ ഇന്നും മനസിൽ സൂക്ഷിച്ചുപോരുകയാണ് ആലപ്പടമ്പ് കുണ്ട്യത്തിടിലിലെ കുടുമയിൽ കാർത്ത്യായനിയമ്മ.
വർത്തമാന കേരളത്തിലും സങ്കുചിത ജാതി ബോധം നിലനിൽക്കുന്നുണ്ടെങ്കിലും അതിന്‍റെ അതി വികൃതമായ ആവിഷ്‌കാരങ്ങളും പ്രകടനങ്ങളും ആചാരങ്ങളും ഏറെക്കുറേ പൂർണമായും തുടച്ചുനീക്കപ്പെട്ടിട്ടുണ്ട്. തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയുമെല്ലാം ഇല്ലാതാക്കപ്പെട്ടത് നിരവധി മനുഷ്യരുടെ ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെയാണെന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു.
കേരളമെങ്ങും നടന്ന അത്തരമൊരു സമരമായിരുന്നു പന്തിഭോജനം. 1939ൽ എകെജിയുടെയും കേരളീയന്‍റെയുമെല്ലാം നേതൃത്വത്തിൽ നടന്ന ഒരു പന്തിഭോജന സമരത്തിന്‍റെ ഓർമയെ ഒളിമങ്ങാതെ സൂക്ഷിക്കുകയാണ് കാർത്ത്യായനിയമ്മ. 93 വയസുണ്ട് കാർത്ത്യായനിയമ്മയ്‌ക്ക്. അന്ന് കുട്ടിയായിരുന്ന താൻ അയലത്തെ കൂട്ടുകാരികളോടൊപ്പമാണ് പന്തിഭോജനത്തിന് പോയതെന്ന് അവര്‍ ഓർത്തെടുക്കുന്നു.
സന്ധ്യ നേരത്തായിരുന്നു പന്തിഭോജനം. വയൽക്കരയിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് മനുഷ്യർ. എല്ലാം ഓർക്കുന്നുണ്ട് കാർത്ത്യായനിയമ്മ. അവിടെ നിന്നും ഭക്ഷണം കഴിച്ചാൽ കൊന്നുകളയുമെന്ന് വീട്ടിൽ നിന്നുതന്നെ ഭീഷണിയുളളതിനാൽ, ഭയത്താല്‍ അതിന് സാക്ഷ്യം വഹിക്കുക മാത്രം ചെയ്‌തെന്ന് കാർത്ത്യായനിയമ്മ പറയുന്നു.
ആലപ്പടമ്പിലെ കർഷക സമരങ്ങളുടെ മുന്നണി പോരാളികളിലൊരാളായിരുന്ന പരേതനായ കല്ലറ കുഞ്ഞിനാരായണൻ നായരുടെ ഭാര്യയാണ് കാർത്ത്യായനിയമ്മ.