കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റില്‍. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, എന്നിവരെ കൂടാതെ നേരത്തെ പ്രതിപ്പട്ടികയിലില്ലാതിരുന്ന അനീഷ് എന്നയാളുമാണ് പിടിയിലായത്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി.
ഒന്നാം പ്രതി ഷിനോസ് നിലവിൽ റിമാന്‍ഡിലാണ്. സിപിഎമ്മിൻ്റെ പ്രവർത്തകരും പ്രദേശിക നേതാക്കളുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. അതേസമയം സംഭവം നടന്ന സ്ഥലത്തുനിന്ന് നാട്ടുകാർക്ക് കിട്ടിയ മൊബൈൽ ഫോൺ പൊലീസിന് കൈമാറിയിരുന്നു. ഇത് വിശദ പരിശോധനക്കായി ഫൊറൻസിക് ലാബിൽ അയച്ചു.
റിമാൻഡിലായ ഷിനോസിൻ്റേതാണ് ഫോണെന്നാണ് സൂചന. അതിനിടെ കൊല്ലപ്പെട്ട മൻസൂറിൻ്റെ സഹോദരൻ മുഹ്സിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഡിവൈഎസ്‌പി കെ ഇസ്‌മയിലിൽ ആണ് മൊഴി രേഖപ്പെടുത്തിയത്.