കണ്ണൂർ: കണ്ണൂരിൽ റീപോളിങ് നടക്കുന്ന പാമ്പുരുത്തിയിൽ യുഡിഎഫും എൽഡിഎഫും പ്രചാരണത്തിനിറങ്ങി. പാമ്പുരുത്തി 166ആം നമ്പർ ബൂത്തിൽ ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തത് തെളിഞ്ഞതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിങ് പ്രഖ്യാപിച്ചത്. ഞായറാഴ്ച തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു ദിവസത്തെ പ്രചാരണത്തിനാണ് യുഡിഎഫും എൽഡിഎഫും രംഗത്തിറങ്ങിയത്. യുഡിഎഫിന്റെ ശക്തി കേന്ദ്രമായ ബൂത്തിൽ എല്ലാ വീടുകളും കയറി ഇറങ്ങാനാണ് എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്രീമതിയുടെ തീരുമാനം. അതിനിടെ ലീഗ് പ്രവർത്തകർ പ്രചാരണം തടസ്സപ്പെടുത്താൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇരു വിഭാഗവും തമ്മിൽ കയ്യാങ്കളി ആയപ്പോൾ പൊലീസ് ഇടപെട്ടു.
കള്ളവോട്ടിലൂടെ ലീഗ് പ്രവർത്തകർ പാമ്പുരുത്തിയെ അപമാനിച്ചെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. കാലകാലങ്ങളായി യുഡിഎഫിന് അനുകൂലമായി ചിന്തിക്കുന്ന പാമ്പുരുത്തിക്കാർ ഈ തെരഞ്ഞെടുപ്പിൽ മാറി ചിന്തിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞു. 1241 വോട്ടർമാരുള്ള ബൂത്തിൽ 86 ശതമാനം വോട്ടാണ് 23ലെ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിരുന്നത്. കള്ളവോട്ട് ആരോപണത്തിൽ നിന്ന് മുഖം രക്ഷിക്കാൻ നിലവിലെ വോട്ടിംഗ് ശതമാനം കുറയാതെ നോക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമാണ്. എന്നാൽ പുതിയ സാഹചര്യത്തിൽ വോട്ടുകൾ കൂടിയാൽ അതിനെ രാഷ്ട്രീയ നേട്ടമാക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്.