കണ്ണൂർ: ചീമേനിയിൽ നിന്ന് കയ്യൂരേക്കുള്ള റൂട്ടിൽ പലോത്ത് റോഡരികിൽ ഒരു അശോകസ്‌തംഭമുണ്ട്. 1957ലെ ഇഎംഎസ് സർക്കാർ സ്ഥാപിച്ചതാണ് ഈ അശോകസ്‌തംഭം. അശോകസ്‌തംഭം സ്ഥാപിക്കപ്പെട്ടതു മുതൽ പലോത്ത് ബസ് സ്റ്റോപ്പിന്‍റെ പേര് പലോത്ത് സ്‌തംഭം എന്നാണ്.
1957ൽ കയ്യൂരും ചീമേനിയിലുമുള്ള ഭവന രഹിതരായ 26 കുടുംബങ്ങൾക്ക് കോളനിയായി ഇഎംഎസ് സർക്കാർ ഇവിടെ വീട് വച്ചുനൽകിയിരുന്നു. സമീപത്തെ റോഡിന് ഇരുവശവുമായിട്ടായിരുന്നു വീടുകൾ. ഗൃഹനിർമാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടെ അശോകസ്‌തംഭവും സ്ഥാപിക്കപ്പെട്ടത്.
വീടുകൾക്ക് പുറമെ, വീട്ടുകാർക്ക് വെള്ളമെടുക്കാനായി ഒരു കിണറും സർക്കാർ ഇവിടെ നിർമിച്ചിരുന്നു. കൂടാതെ റോഡരികിൽ രണ്ട് മാവുകളും നട്ടുപിടിപ്പിച്ചിരുന്നു. കിണറും മാവുകളുമെല്ലാം ഇപ്പോഴും ഇവിടെയുണ്ട്. എന്നാൽ 26 വീടുകളുണ്ടായിരുന്ന കോളനിയിൽ ഇന്ന് വെറും രണ്ട് വീടുകളിൽ മാത്രമാണ് ആൾതാമസമുള്ളത്.