കണ്ണൂർ: ആന്തൂർ നഗരസഭാ ചെയർമാനായി പി മുകുന്ദൻ സത്യപ്രതിജ്ഞ ചെയ്തു. വി. സതീദേവിയാണ് വൈസ് ചെയർപേഴ്‌സൺ. രാവിലെ 11 മണിക്ക് ചേർന്ന ആന്തൂർ നഗരസഭാ കൗൺസിലിൽ പി. മുകുന്ദന്‍റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് പറശിനിക്കടവ് വാർഡിൽ നിന്നുള്ള കെ.വി പ്രേമരാജൻ നിർദേശിച്ചു. കുറ്റിപ്രം വാർഡ് കൗൺസിലർ ഓമന മുരളീധരൻ പിന്താങ്ങി.
തുടർന്ന് വൈസ് ചെയർപേഴ്‌സണായി വി സതീദേവിയെയും തെരഞ്ഞെടുത്തു. അയ്യങ്കോൽ വാർഡ് കൗൺസിലർ എം ആമിനയാണ് ഇവരുടെ പേര് നിർദേശിച്ചത്. മോറാഴ വാർഡ് കൗൺസിലർ സിപി മുഹാസ് പിന്താങ്ങി. പ്രതിപക്ഷമില്ലാത്ത നഗരസഭയിൽ ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടന്നത്. വരണാധികാരി ടി ഉസ്മാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുണ്ടപ്രം വാർഡിൽ നിന്നുള്ള കൗൺസിലറാണ് പി മുകുന്ദൻ. ഒഴക്രോം വാർഡിൽ നിന്നുള്ള കൗൺസിലറാണ് വി സതീദേവി. പുതിയ സാരഥികളെ മുൻ നഗരസഭാ ചെയർപേഴ്‌സൺ പികെ ശ്യാമള, സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് എന്നിവർ അനുമോദിച്ചു.