കണ്ണൂർ: ജില്ലയിൽ വീണ്ടും അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശികളാണ് പ്രതിഷേധം നടത്തിയത്. നൂറോളം വരുന്ന അതിഥി തൊഴിലാളികളാണ് പ്രതിഷേധവുമായി എത്തിയത്. കണ്ണൂർ കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ബാനറുമായാണ് തൊഴിലാളികൾ എത്തിയത്.
തങ്ങളെ ട്രെയിനിലോ ബസിലോ നാട്ടിലെത്തിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കൂട്ടം കൂടിയവരിൽ പലരും മാസ്ക് ധരിച്ചാണ് എത്തിയത്. ഇവരെ തടയാനായി പൊലീസും സ്ഥലത്ത് തമ്പടിച്ചു. എന്നാൽ വെടിയുതിർത്താലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു തൊഴിലാളികൾ. ഒടുവിൽ തൊഴിൽ വകുപ്പ് അധികൃതരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.