കണ്ണൂർ: വരണ്ടുണങ്ങിയ കുന്നിൻ പ്രദേശത്ത് പൊന്നുവിളയിച്ച് പ്രസാദ് എന്ന കർഷകൻ. ആരും തിരിഞ്ഞ് നോക്കാതെ കിടന്ന തരിശുഭൂമി സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടമാക്കി മാറ്റിയിരിക്കുകയാണ് പഴയങ്ങാടി വെങ്ങര സ്വദേശിയായ ഐപി പ്രസാദ്. എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പേരൂൽ കുന്നിരിക്കപ്പൊയിലിലാണ് പ്രസാദിന്‍റെ തോട്ടം.
ആകർഷകമായ ശമ്പളമുണ്ടായിരുന്ന ജോലിയും പ്രവാസ ജീവിതവും മതിയാക്കി 2013 ലാണ് പ്രസാദ് നാട്ടിലെത്തുന്നത്. കാർഷിക കുടുംബത്തിൽ വളർന്ന പ്രസാദിനെ നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത് കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെയാണ്. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവും ഒത്തു കിട്ടുന്ന സ്ഥലങ്ങൾ ലീസിനെടുത്തായിരുന്നു കൃഷി.
പാറപ്രദേശങ്ങളിൽ പോലും പ്രസാദ് വാഴയും പച്ചക്കറികളും കൃഷി ചെയ്‌തു. പണികൾക്ക് കൂലിയ്ക്ക് ആളെക്കൂട്ടുമെങ്കിലും, ഓരോ പണിയിലും പങ്കാളിയായി പ്രസാദും ഉണ്ടാകും. വിളവെടുപ്പും സ്‌കൂട്ടറിൽ കൊണ്ടു പോയി കടകളിൽ എത്തിക്കുന്നതും പ്രസാദ് തന്നെയാണ്.
സെമി ഓർഗാനിക് രീതിയിലാണ് കൃഷി ചെയ്യുന്നത്. കൃഷിയിൽ നിന്ന് മുതൽ മുടക്കും ലാഭവും കിട്ടിയെന്ന് പ്രസാദ് അഭിമാനത്തോടെയാണ് പറയുന്നത്. പയ്യന്നൂർ കാനായിയും പിലാത്തറ പുറച്ചേരിയിലും പ്രസാദ് കൃഷി ഇറക്കിയിട്ടുണ്ട്.
കൃഷിയിൽ വിജയം കൊയ്യാൻ എരമം - കുറ്റൂർ കൃഷി ഭവനും എല്ലാവിധ സഹായവുമായി ഒപ്പമുണ്ട്. വിപണിയെ കുറിച്ചും പ്രസാദിന് പരാതികളില്ല. കൃഷിയിൽ ഒരു ജോലിയും നാളേക്കു നീക്കിവയ്ക്കാൻ പറ്റില്ലെന്നാണ് പ്രസാദിന്‍റെ കൃഷി പാഠം, ഉത്സാഹവും ക്ഷമയുമുള്ള ആർക്കും കൃഷിയെ വിജയകരമായി മുന്നോട്ടുകൊണ്ടു പോകാമെന്ന് പ്രസാദ് സ്വന്തം അനുഭവത്തിലൂടെ ആവർത്തിച്ചു പറയുന്നു.