കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടം മുഴുപ്പിലങ്ങാട് കടല്‍ത്തീരത്ത് മണലില്‍ കുടുങ്ങിക്കിടക്കുന്ന 'ഒയിവാലി' എന്ന വിദേശ കപ്പല്‍ (Oivalli ship stranded in Kannur) നീക്കം ചെയ്യാനുള്ള നടപടി അടുത്തയാഴ്‌ചയോടെ ആരംഭിക്കും. ജില്ല ഭരണകൂടവും കപ്പല്‍ പൊളിക്കുന്ന സില്‍ക്ക് പ്രതിനിധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കപ്പല്‍ നീക്കം ചെയ്യുന്നതിനുള്ള ധാരണയായത്. ആന്ധ്രയിലെ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
കപ്പലിന്‍റെ അറുപത് ശതമാനം നേരത്തെ നീക്കം ചെയ്‌തുവെങ്കിലും ശേഷിക്കുന്ന ഭാഗം അവിടെ കിടക്കുന്നുണ്ട്. മുങ്ങല്‍ വിദഗ്‌ദന്മാരായ തൊഴിലാളികള്‍ വെള്ളത്തിനടിയില്‍ നിന്നും കപ്പല്‍ പൊളിച്ചു മാറ്റും. അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാന്‍ വേണ്ടി മാലിദ്വീപില്‍ നിന്നും കൊണ്ടു വരികയായിരുന്ന മത്സ്യബന്ധന കപ്പലാണ് കയർ പൊട്ടി 2019 ഓഗസ്റ്റില്‍ കടലില്‍ കുടുങ്ങിയത്.
കപ്പലിന് കാലപ്പഴക്കമുള്ളതിനാലാണ് പൊളിച്ചു നീക്കാനായി മറ്റൊരു കപ്പലിൽ കയറ്റി കൊണ്ടുപോയത്. കപ്പലിൽ ആരും ഉണ്ടായിരുന്നില്ല. കപ്പൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് തീരദേശ പൊലീസും ധർമ്മടം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കപ്പൽ കൊണ്ടുവന്നത് നിയമം ലംഘിച്ച്: അക്കാലത്ത് ഈ കപ്പലില്‍ നിന്നും രാസപദാര്‍ത്ഥങ്ങള്‍ ഒഴുകുന്നുവെന്ന പരാതി ദേശവാസികള്‍ ഉന്നയിച്ചിരുന്നു. പൊളിക്കാന്‍ കൊണ്ടു വരുന്ന ഇത്തരം കപ്പലുകള്‍ മഴക്കാലത്ത് കൊണ്ടു പോകരുതെന്ന നിയമം കാറ്റില്‍ പറത്തിയാണ് ടഗ്ഗില്‍ ബന്ധിച്ച് കൊണ്ടു വന്നത്. ടഗ്ഗിലെ വടം പൊട്ടി കപ്പല്‍ കടലില്‍ കുടുങ്ങുകയായിരുന്നു.
കപ്പലിനകത്ത് കയറിയ മഴ വെള്ളം നീക്കാനെന്ന വ്യാജേന മാരകമായ രാസപദാര്‍ത്ഥങ്ങള്‍ കടലിലേക്ക് ഒഴുക്കാന്‍ ശ്രമിച്ചുവെന്ന് ദേശവാസികള്‍ ആരോപിച്ചിരുന്നു. പോര്‍ട്ട് അധികൃതര്‍ക്കും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനും പരാതി നല്‍കുകയും ചെയ്‌തിരുന്നു. ആലപ്പുഴയില്‍ നിന്നും വിദഗ്‌ദരെ കൊണ്ടുവന്ന് കപ്പല്‍ മാറ്റാന്‍ ശ്രമം നടത്തിയിരുന്നു.
തൂത്തുക്കുടി സ്വദേശിയായ കരാറുകാരനാണ് കപ്പല്‍ പൊളിക്കാന്‍ കൊണ്ടു വന്നത്. ദീര്‍ഘ കാലത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കപ്പല്‍ പൊളിക്കാന്‍ നടപടി ആരംഭിച്ചത്. രണ്ട് വര്‍ഷം മുമ്പ് കപ്പല്‍ പൊളിക്കാന്‍ നടപടി തുടങ്ങിയെങ്കിലും ക്രെയിനും അനുബന്ധ ഉപകരണങ്ങളും കടലിലെത്തിക്കാന്‍ കഴിഞ്ഞില്ല.
ഒട്ടേറെ വിവാദങ്ങളും ആശങ്കകളും നിലനില്‍ക്കേ ജില്ല ഭരണകൂടം നല്‍കിയ ഉറപ്പിന് ശേഷമാണ് ദേശവാസികള്‍ വഴങ്ങിയത്. കപ്പല്‍ പൊളിക്കാന്‍ നടപടി തുടങ്ങിയെങ്കിലും ക്രെയിനും മറ്റ് ഉപകരണങ്ങളും ധര്‍മ്മടം കടലില്‍ എത്തിക്കാനാവശ്യമായ റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുളള പ്രവര്‍ത്തികള്‍ ചെയ്യേണ്ടി വന്നതിനാല്‍ വൈകുകയായിരുന്നു.
കപ്പല്‍ പൊളിക്കാനുള്ള നടപടികൾ (Oivalli ship stranded in Kannur Dharmadam beach removing process ) പുരോഗമിക്കുമ്പോള്‍ മഴക്കാലമായി. ഇതോടെ ക്രെയിന്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ പണി മുടക്കി. ഇവയെല്ലാം പ്രവര്‍ത്തന ക്ഷമമാക്കി വരികയാണ്. അതോടെ അടുത്ത ആഴ്‌ച തന്നെ കപ്പലിന്‍റെ ശേഷിക്കുന്ന ഭാഗം നീക്കം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Also read: തലശ്ശേരി ധര്‍മ്മടം തുരുത്തിന് സമീപം ചെറുകപ്പല്‍ കരയ്ക്കടിഞ്ഞു